Advertisement

എത്തിയത് ഹൃദയഭിത്തി തകര്‍ന്ന് അതീവ സങ്കീര്‍ണാവസ്ഥയില്‍; 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ്

January 31, 2025
1 minute Read
thrissur

ഹൃദയഭിത്തി തകര്‍ന്ന് അതീവ സങ്കീര്‍ണാവസ്ഥയിലായിരുന്ന 67കാരനെ ജീവിത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്. ഹൃദയാഘാതം വന്ന് ഹൃദയത്തിന്റെ ഭിത്തി തകര്‍ന്ന് രക്തസമ്മര്‍ദം വളരെ കുറഞ്ഞ് കാര്‍ഡിയോജനിക് ഷോക്ക് എന്ന അവസ്ഥയില്‍ ആയിരുന്നു രോഗി എത്തിയത്. ലോകത്തിലെ അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളില്‍ പോലും ഈ അവസ്ഥയിലെത്തുന്ന രോഗികളില്‍ 90 മുതല്‍ 95 വരെ ശതമാനത്തേയും രക്ഷപ്പെടുത്താന്‍ സാധിക്കില്ല. ശസ്ത്രക്രിയ നടത്തി തകര്‍ന്ന ഹൃദയ ഭിത്തി അടയ്ക്കാന്‍ ശ്രമിച്ചാല്‍ ഹൃദയാഘാതം മൂലം നശിച്ച പേശികള്‍ തകര്‍ന്ന് അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകും. അതിനാല്‍ കാത്ത് ലാബ് വഴി നൂതന ചികിത്സ നല്‍കിയാണ് രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. മൂന്ന് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം രോഗി പരിപൂര്‍ണ സുഖം പ്രാപിച്ചു വീട്ടിലേയ്ക്ക് മടങ്ങി. സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രോഗിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളേജിലെ എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കുറുമല സ്വദേശിയായ 67 വയസുകാരനെ ക്രിസ്മസ് ദിനത്തില്‍ ശക്തമായ നെഞ്ചുവേദനയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗം ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് കണ്ടെത്തി. തുടര്‍ പരിശോധനയില്‍ ഹൃദയാഘാതം കാരണം ഹൃദയത്തിന്റെ ഭിത്തി തകര്‍ന്നതായി കണ്ടെത്തി. ഹൃദയത്തിന്റെ രണ്ടു വെന്‍ട്രിക്കിളുകള്‍ക്കിടയിലുള്ള ഭിത്തിയായ വെന്ററിക്കുലാര്‍ സെപ്റ്റം തകര്‍ന്നു രക്തം ഒഴുകിയിരുന്നു. ഇത് മൂലം രക്തസമ്മര്‍ദം വളരെ കുറഞ്ഞ് കാര്‍ഡിയോജനിക് ഷോക്ക് എന്ന അവസ്ഥയില്‍ ആയിരുന്നു.

Read Also: പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ഥന്റെ മരണം: പ്രതികള്‍ക്ക് പഠനം തുടരാന്‍ അനുമതി

സങ്കീര്‍ണ ശസ്ത്രക്രിയ സാധ്യമല്ലാത്തതിനാല്‍ രോഗിയെ രക്ഷപ്പെടുത്താനുള്ള അവസാന മാര്‍ഗം എന്ന രീതിയില്‍ ഓപ്പറേഷന്‍ അല്ലാതെ കാലിലെ രക്തകുഴലൂടെ ഒരു കത്തീറ്റര്‍ ഹൃദയത്തിലേക്ക് കടത്തി വിസിആര്‍ ഒക്ലുഡര്‍ ഉപയോഗിച്ച് തകര്‍ന്ന ഭാഗം അടയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഈ ചികിത്സ അത്യന്തം ശ്രമകരവും അപകടം പിടിച്ചതുമാണ്. മാത്രമല്ല ഇത് വളരെ വിരളമായി ചെയ്യുന്ന ഒന്നായതിനാല്‍ ആവശ്യമുള്ള വില കൂടിയ ഉപകരണങ്ങള്‍ സംഘടിപ്പിക്കുക എന്നതായിരുന്നു മറ്റൊരു പ്രശനം. സര്‍ക്കാരിന്റെ ചികിത്സാ സ്‌കീമുകള്‍ ഉപയോഗിച്ചാണ് ഇത് പരിഹരിച്ച് 4 മണിക്കൂര്‍ നീണ്ട ചികിത്സ പൂര്‍ത്തിയാക്കിയത്.

ഒരാഴ്ചക്ക് ശേഷം രോഗിയെ ആന്‍ജിയോഗ്രാം നടത്തി ഹാര്‍ട്ട് അറ്റാക്കിന് കാരണമായ രക്തകുഴലിന്റെ ബ്ലോക്ക് നീക്കി. വളരെ അപൂര്‍വമായി മാത്രമേ ഈ തരത്തിലുള്ള രോഗികള്‍ രക്ഷപെടാറുള്ളു. ഏകദേശം മൂന്ന് ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സ തികച്ചും സൗജന്യമായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയത്.

തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അശോകന്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. രാധിക, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് എന്നിവരുടെ ഏകോപനത്തില്‍ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കരുണദാസ്, കാര്‍ഡിയോളജി ഡോക്ടര്‍മാരായ ഡോ. മുകുന്ദന്‍, ഡോ. പ്രവീണ്‍, ഡോ ആന്റണി, ഡോ. സഞ്ജീവ്, ഡോ. അമല്‍, ഡോ. അശ്വിന്‍, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ബാബുരാജ്, അനസ്തേഷ്യ ഡോക്ടര്‍മാരായ ഡോ. അമ്മിണിക്കുട്ടി, ഡോ. നജി നീരക്കാട്ടില്‍, ഡോ. മുഹമ്മദ് ഹനീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചികിത്സ നടത്തിയത്.

Story Highlights : New achievement for Thrissur Medical Collage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top