Advertisement

ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത; ചരിത്രനേട്ടവുമായി സുനിത വില്യംസ്

January 31, 2025
2 minutes Read

ചരിത്രനേട്ടവുമായി സുനിത വില്യംസ്. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയായി സുനിത വില്യംസ് മാറി. ഒമ്പതു തവണയായി 62 മണിക്കൂറിലധികം സമയമാണ് സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ നിലയത്തിൽ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് സുനിത വില്യംസും, ബുച്ച് വിൽമോറും നടന്നത്.

10 ബഹിരാകാശ നടത്തങ്ങളിലൂടെ 60 മണിക്കൂർ 21 മിനിറ്റ് ചെലവഴിച്ച പെഗ്ഗി വിറ്റ്‌സൺ എന്ന അമേരിക്കൻ വനിതയുടെ റെക്കോർഡാണ് സുനിത വില്യംസ് മറി കടന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം ആറേകാലോടെ ആരംഭിച്ച ബഹിരാകാശനടത്തത്തിലൂടെയാണ് സുനിത വില്യംസ് ചരിത്ര നേട്ടം കുറിച്ചത്.

അഞ്ചര മണിക്കൂർ 26 മിനിറ്റാണ് ആണ് സുനിത വില്യംസും സഹയാത്രികനായ ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിച്ചത്. സ്‌പേസ് സ്റ്റേഷനിലെ തകരാറിലായ ഒരു റേഡിയോ കമ്യൂണിക്കേഷൻ യൂണിറ്റ് വിജയകരമായി നീക്കം ചെയ്തതിനു പുറമേ, ബഹിരാകാശത്ത് സൂക്ഷ്മജീവികളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച പഠനങ്ങൾക്കായും ഇരുവരും സമയം ചെലവഴിച്ചെന്നാണ് റിപ്പോർട്ടുകൾ. ബഹിരാകാശത്തെ സൂക്ഷ്മജീവികളുടെ ജീവിതത്തെപ്പറ്റിയുള്ള ധാരണകൾ ഈ പഠനം മാറ്റിമറിച്ചേക്കും.

ബഹിരാകാശ നിലയത്തിലെത്തി എട്ടു മാസങ്ങൾക്ക് ശേഷമുള്ള സുനിത വില്യംസിന്റെ രണ്ടാമത്തെ ബഹിരാകാശ നടത്തമാണിത്. ഈമാസം പതിനാറിനാണ് അറ്റകുറ്റപ്പണികൾക്കായി സുനിത വില്യംസും, നിക്ക് ഹേഗും ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയത്. ബോയിങ് സ്റ്റാർലൈനറിന്റെ ആദ്യ പരീക്ഷണ പറക്കലിന്റെ ഭാഗമായി കഴിഞ്ഞ വർഷം ജൂൺ ഏഴിന് എട്ടുദിവസത്തെ ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും പേടകത്തിന്റെ തകരാർ മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. മാർച്ചിൽ ഇരുവർക്കും മടങ്ങാനാകുമെന്നാണ് നാസ ഏറ്റവുമൊടുവിൽ വ്യക്തമാക്കിയത്.

Story Highlights : Sunita Williams Creates History, Sets New Record For Spacewalk Time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top