Advertisement

Union Budget 2025: മാലിദ്വീപിന് ധനസഹായം കുത്തനെ കൂട്ടി, ഭൂട്ടാന് വാരിക്കോരി നൽകി; ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും സഹായത്തിൽ മാറ്റമില്ല

February 1, 2025
Google News 2 minutes Read

കേന്ദ്ര ബജറ്റിൽ മാലിദ്വീപിന് സന്തോഷവും ആശ്വാസവും. ഭരണമാറ്റത്തെ തുടർന്ന് ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം വഷളായ മാലിദ്വീപിന് 2024 ലെ ബജറ്റിൽ ധനസഹായം വെട്ടിക്കുറച്ചിരുന്നു. എന്നാൽ ഇത്തവണത്തെ ബജറ്റിൽ ധനസഹായം 28 ശതമാനം ഉയർത്തി. ₹600 കോടിയാണ് ദ്വീപ് രാഷ്ട്രത്തിന് വകയിരുത്തിയത്. സൗഹൃദ രാജ്യങ്ങൾക്കുള്ള ധനസഹായത്തിൽ ഏറ്റവും കൂടുതൽ സഹായം ലഭിച്ചത് ഭൂട്ടാനാണ്, 2,150 കോടി രൂപ.

വികസന സഹായമായാണ് തുക വകയിരുത്തിയത്. 2024-25 സാമ്പത്തിക വർഷത്തിൽ 470 കോടി രൂപയായിരുന്നു അനുവദിച്ചത്. 2024 ലെ പൊതു തെരഞ്ഞെടുപ്പിന് മുൻപ് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ മാലിദ്വീപിന് 600 കോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ അവതരിപ്പിച്ച പൊതു ബജറ്റിൽ ഈ ധനസഹായം 400 കോടിയായി വെട്ടിച്ചുരുക്കുകയായിരുന്നു. പിന്നീട് 470 കോടിയായി പരിഷ്കരിച്ചിരുന്നു.

2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ തുടർന്ന് ചില മാലിദ്വീപ് നേതാക്കൾ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളാണ് നയതന്ത്ര ബന്ധം വഷളാക്കിയത്. ഇതേ തുടർന്നാണ് ധനസഹായം വെട്ടിക്കുറച്ചത്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനവും അവിടുത്തെ ടൂറിസം സാധ്യതകളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ മാലിദ്വീപ് വലിയ സമ്മർദ്ദത്തിലായി. ‘ഇന്ത്യ ഔട്ട്’ പ്രചാരണം നടത്തിയ മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു അപായം തിരിച്ചറിഞ്ഞ് 2024 ഒക്‌ടോബറിൽ ഇന്ത്യ സന്ദർശിച്ച ശേഷമാണ് ബന്ധം നന്നായത്.

അയൽരാജ്യ സഹായ സഹകരണ പദ്ധതിയിൽ നേപ്പാളിന് 700 കോടി രൂപയും ലഭിച്ചു. മൗറീഷ്യസിനുള്ള സഹായം 576 കോടി രൂപയിൽ നിന്ന് 500 കോടി രൂപയായും മ്യാൻമറിൻ്റെ വിഹിതം 400 കോടി രൂപയിൽ നിന്ന് 350 കോടി രൂപയായും കുറഞ്ഞു. ബംഗ്ലാദേശും ശ്രീലങ്കയും തങ്ങളുടെ മുൻ വിഹിതം യഥാക്രമം 120 കോടി രൂപയും 300 കോടി രൂപയും നിലനിർത്തി. ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള സഹായം 200 കോടി രൂപയിൽ നിന്ന് 225 കോടി രൂപയായി വർധിച്ചു.

Story Highlights : Maldives sees 28% jump in India’s Budget 2025 aid after diplomatic thaw with New Delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here