മുനമ്പം ഭൂമി പ്രശ്നം; ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ?, വീണ്ടും ചോദ്യങ്ങളുമായി ഹൈക്കോടതി

മുനമ്പത്ത് ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടോയെന്ന് ഹൈക്കോടതി. മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത് ചോദ്യം ചെയ്തുള്ള വഖഫ് സംരക്ഷണ സമിതിയുടെ ഹർജികൾ ഹൈക്കോടതി പരിഗണിക്കവെയായിരുന്നു സംസ്ഥാന സർക്കാരിനോടുള്ള ചോദ്യം.
മുനമ്പത്തേത് വഖഫ് വസ്തുവകയല്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന് കണ്ടെത്താനാകുമോയെന്ന് ഹൈക്കോടതി ചോദിച്ചു. ട്രൈബ്യൂണിലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കമ്മീഷനെ നിയോഗിക്കാനാകുമോ? കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ കൈയ്യിലുള്ള രേഖകളുടെ നിയമസാധുതയെന്തെന്നും ഹൈക്കോടതി ചോദിച്ചു.
എന്നാൽ മുനമ്പത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. മുനമ്പത്തെ വഖഫ് വസ്തുവക സര്‍ക്കാരിന് ഏറ്റെടുക്കാനാകും. മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമി ഉടമസ്ഥതയ്ക്ക് മതിയായ രേഖകളുണ്ട്. നിയമപരമായ രേഖകളുള്ളവരുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി അധികാരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൈയ്യേറ്റക്കാരെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്ന് വഖഫ് സംരക്ഷണ വേദി പറഞ്ഞു. ഭൂമിയുടെ അവകാശത്തില്‍ വഖഫ് ട്രൈബ്യൂണല്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും ഇതിന്മേല്‍ കമ്മീഷനെ അന്വേഷണത്തിന് നിയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
Story Highlights : High Court again questions the state government on Munambam land issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here