കുംഭമേളയിൽ യോഗി ആദിത്യനാഥിനൊപ്പം ഭൂട്ടാൻ രാജാവ്; ത്രിവേണീ സംഗമത്തിൽ സ്നാനം നടത്തി

മഹാകുംഭമേളയിൽ പങ്കെടുത്ത് ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ത്രിവേണീ തീരത്ത് സംഘടിപ്പിച്ച പ്രത്യേക പൂജയിൽ അദ്ദേഹം പങ്കെടുത്തു. ANIയുൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ‘സംസ്കാരത്തിന്റെ ഐക്യത്തിന്റെയും പുണ്യഭൂമിയായ പ്രയാഗ്‌രാജിലേക്ക് ഭൂട്ടാൻ രാജാവിന് സ്വാഗതം’ എന്ന അടിക്കുറിപ്പോടെ മുഖ്യമന്ത്രി ചിത്രങ്ങൾ പങ്കുവച്ചു.
ഭൂട്ടാൻ രാജാവിന്റെ സന്ദർശനം കണക്കിലെടുത്ത് വലിയ സുരക്ഷാ സജ്ജീകരണങ്ങളും പ്രയാഗ്‌രാജിൽ ഒരുക്കിയിരുന്നു. പ്രയാഗ്‌രാജിലെത്തിയ ഭൂട്ടാൻ രാജാവിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ലക്നൗ വിമാനത്താവളത്തിലിറങ്ങിയ ഭൂട്ടാൻ രാജാവിന് ഊഷ്മള സ്വീകരണമാണ് പ്രയാഗ്‌രാജിൽ ഒരുക്കിയിരുന്നത്. പരമ്പരാഗത കലാരൂപങ്ങളോടെയാണ് അദ്ദേഹത്തെ കുംഭമേളയിലേക്ക് വരവേറ്റത്.
പൂജകൾക്കായി ത്രിവേണീ തീരത്ത് പ്രത്യേക ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. യോഗി ആദിത്യനാഥിനൊപ്പം പ്രാർത്ഥന നടത്തുന്ന ജിഗ്മേ ഖേസറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രത്യേക പൂജകൾക്ക് ശേഷം മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം പുണ്യസ്നാനം നടത്തി.
കഴിഞ്ഞ ദിവസങ്ങളിലായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർ ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. നിരവധി വിദേശ പ്രതിനിധികളാണ് കുംഭമേളയിൽ പങ്കെടുക്കുന്നതിന് പ്രയാഗ്‌രാജിലെത്തിയത്.
Story Highlights : bhutans king joins at mahakumbh 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here