‘മഹാകുംഭമേളയ്ക്കിടെ തിക്കും തിരക്കും കാരണമുണ്ടായ അപകടം ദൗര്‍ഭാഗ്യകരം; എട്ട് കോടി ഭക്തരുടെ സുരക്ഷയിലായിരുന്നു ശ്രദ്ധ’; യോഗി ആദിത്യനാഥ്

മഹാകുംഭമേളയ്ക്കിടെ തിക്കും തിരക്കും കാരണമുണ്ടായ അപകടം ദൗര്‍ഭാഗ്യകരമേന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആ നിര്‍ണായക ദിവസത്തില്‍ മേളയില്‍ പങ്കെടുക്കാന്‍ വരുന്ന എട്ട് കോടിയോളം ഭക്തരുടെ സുരക്ഷയിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൗനി അമാവാസി സ്‌നാനത്തില്‍ പങ്കെടുക്കാന്‍ എട്ട് കോടി ഭക്തര്‍ എത്തുമെന്നാണ് തങ്ങള്‍ കണക്കാക്കിയിരുന്നതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ജനത്തിരക്ക് നിയന്ത്രിക്കാന്‍ ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് കോടിയോളം ഭക്തരെ തടയേണ്ടതായും വന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈ സ്ഥലങ്ങളിലെല്ലാം ഭക്തര്‍ക്കായി ഞങ്ങള്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഭക്തരുടെ യാത്രാസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായപ്പോള്‍, ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ എന്ന നിലയില്‍ പരുക്ക് പറ്റിയ ആളുകളെ ഹരിത കോറിഡോര്‍ വഴി ആശുപത്രിയില്‍ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ മുന്‍ഗണന. തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റവരെ 15 മിനിറ്റിനുള്ളില്‍ ആശുപത്രിയില്‍ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റ 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. 30 പേര്‍ മരണത്തിന് കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ദുഃഖം പ്രകടിപ്പിക്കുന്നതിനു പുറമേ, 8 കോടി ഭക്തരുടെ സുരക്ഷയായിരുന്നു തങ്ങളുടെ മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : Kumbh stampede unfortunate: Yogi Adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here