Advertisement

തോമസ് ഐസക് കേരളത്തിൻ്റെ അന്തകൻ: ചെറിയാൻ ഫിലിപ്പ്

February 5, 2025
Google News 1 minute Read
cherian philip about solar strike revelation

കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാൻ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണെന്ന് ചെറിയാൻ ഫിലിപ്പ്. വികലമായ ധനകാര്യ മാനേജ്മെൻ്റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകർത്ത തോമസ് ഐസക്ക് കേരളത്തിൻ്റെ അന്തകനാണ്.

അക്കാദമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് കേരളത്തിൻ്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെപ്പറ്റി യാതൊരുവിധ പ്രായോഗിക ജ്ഞാനവും ഇല്ലാത്തതുകൊണ്ടാണ് പ്രത്യുല്പാദനപരമല്ലാത്ത പദ്ധതികൾക്കായി കിഫ്ബി പണം ധൂർത്തടിച്ചത്. കടത്തിനു പുറമെ ഇന്ധന സെസും മോട്ടോർ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്ക് മാറ്റിയത് ദുരുദ്ദേശപരമായിരുന്നുവെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

കിഫ്ബിയുടെ പേരിൽ അമിത പലിശയ്ക്ക് മുപ്പതിനായിരം കോടി രൂപ കടമെടുത്ത സർക്കാരിന് കടത്തിൻ്റെ പലിശ പോലും അടയ്ക്കാൻ കഴിയാത്തതിനാലാണ് യാത്രക്കാരിൽ നിന്നും ട്രോൾപിരിവ് നടത്താൻ ഇപ്പോൾ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ട്രോൾപിരിവ് എന്ന ആവശ്യം തോമസ് ഐസക് മുന്നോട്ടു വെച്ചെങ്കിലും പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയാണുണ്ടായത്.

കിഫ്ബി വിദേശത്തുനിന്നും മസാല ബോണ്ട് മുഖേന കടം വാങ്ങിയത് വിദേശ വിനിമയ ചട്ടലംഘനമാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കിഫ്ബി യോഗത്തിൽ ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും എതിർത്തിട്ടും ധനമന്ത്രി തോമസ് ഐസക്കിൻ്റെ പിടിവാശിയിലാണ് മസാല ബോണ്ട് വാങ്ങിയതെന്ന് യോഗത്തിൻ്റെ മിനിറ്റ്സിൽ പറയുന്നു.

നിയമസഭ അറിയാതെ ബജറ്റിന് പുറത്ത് കിഫ്ബി കടമെടുത്തതിനെ വിവിധ സി. എ. ജി റിപ്പോർട്ടുകളിൽ കുറ്റപ്പെടുത്തിയിരുന്നു. കിഫ്ബിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ മുഖേന നടത്തിയ വികസനപദ്ധതികളും സാമഗ്രി വാങ്ങലും സംബന്ധിച്ച കരാറുകൾ ഒന്നും സുതാര്യമല്ല. പല കാര്യത്തിലും വ്യക്തമായ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights : Cherian Philip Against Thomas Issac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here