70 മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികൾ; ഡൽഹിയിൽ ഇന്ന് വിധിയെഴുത്ത്

വാശീയേറിയ പ്രചാരണത്തിനൊടുവിൽ ഡൽഹി ഇന്ന് ജനവിധി തേടുന്നു. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. 72.36 ലക്ഷം സ്ത്രീകളും 1267 ഭിന്നലിംഗക്കാരും ഉൾപ്പെടെ 1.56 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. 13,766 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷിയുള്ളവർക്കായി 733 പോളിങ് സ്റ്റേഷനുകളുണ്ട്.
പോളിങ് സ്റ്റേഷനുകളിലെ തിരക്ക് അതേ സമയം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ക്യൂ മാനേജ്‌മെന്റ് സിസ്റ്റം ആപ്പും അവതരിപ്പിച്ചിട്ടുണ്ട്. മൂന്നാം തവണയും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി . ഡൽഹി പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും എ എ പിയും ഒരുമിച്ചായിരുന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്കാണ്. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രീവാളും കൽക്കാജി മണ്ഡലത്തിൽ നിന്ന് മുഖ്യമന്ത്രി അദിഷിയും മത്സരിക്കുന്നു. എ എ പിയുടെ മനീഷ് സിസോദിയ ജംഗ്പുര സീറ്റിൽ നിന്നും ഷക്കൂർ ബസ്തിയിൽ നിന്ന് സത്യേന്ദർ കുമാർ ജെയിനും ജനവിധി തേടുന്നു.
മൂന്നു പാർട്ടികളും വോട്ടർമാർക്ക് സൗജന്യങ്ങൾ വാരിക്കോരി വാഗ്ദാനം ചെയ്തിട്ടുണ്ട് . സ്ത്രീകൾക്ക് 2100 രൂപ മുതൽ 2500 വരെ പ്രതിമാസ ഗ്രാന്റ്, പ്രായമായവർക്ക് സൗജന്യ ആരോഗ്യപരിരക്ഷ, സൗജന്യ വൈദ്യുതി യൂണിറ്റുകൾ എന്നിവയാണ് വാഗ്ദാനപ്പട്ടികയിൽ. സൗജന്യ ബസ് യാത്ര, യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഓട്ടോ- ടാക്‌സി ഡ്രൈവർമാർക്കുമുള്ള പദ്ധതികൾ, പൂജാരിമാർക്കുള്ള പ്രതിമാസ വേതനം എന്നിവയാണ് എ എ പി വാഗ്ദാനങ്ങളിലെ ഹൈലൈറ്റ്.
കോൺഗ്രസും ബി ജെ പിയും പാചകവാതക സിലിണ്ടർ 500 രൂപയ്ക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഗർഭിണികൾക്ക് 21,000 രൂപ ബി ജെ പി വാഗ്ദാനം ചെയ്യുമ്പോൾ തൊഴിൽരഹിതർക്ക് പ്രതിമാസം 8500 രൂപയാണ് കോൺഗ്രസിന്റെ വാഗ്ദാനം.
Story Highlights : Delhi assembly election 2025: Voting starts at 7am
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here