എഎപിയെ മുഖ്യശത്രുവായി കാണുന്ന കോൺഗ്രസ്, കൊമ്പുകോർക്കുന്ന രാഹുലും കെജ്രിവാളും; ഡൽഹിയിലെ രാഷ്ട്രീയ നൃത്തം

ഡൽഹി നിയമസഭാ വോട്ടെടുപ്പിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് രാഹുൽ – കെജ്രിവാൾ വാക്പോര് പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിൻ്റെ കെട്ടുറപ്പിനെ എങ്ങനെ ബാധിക്കുമെന്നതായി ഇപ്പോഴത്തെ ചർച്ചകൾ.
കോൺഗ്രസിൻ്റെ തിരിച്ചുവരവ് ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി ഡൽഹി തെരഞ്ഞെടുപ്പിൽ കെജ്രിവാളിനെതിരെ നിശിത വിമർശനമാണ് തൊടുത്തത്. എഎപിയുടെ കടന്നുവരവോടെ സംസ്ഥാനത്ത് അപ്രസക്തമായതിന് ശേഷം ആദ്യമായാണ് എഎപിക്കും കെജ്രിവാളിനുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് രംഗത്ത് വരുന്നത്. 1998 മുതൽ 2013 വരെ സംസ്ഥാനത്ത് ഭരണത്തിലിരുന്ന ശേഷം ഒരു ദശാബ്ദത്തിലേറെയായി പ്രതിപക്ഷത്ത് പോലുമില്ലാത്ത കോൺഗ്രസ് വലിയ തിരിച്ചുവരവിനാണ് ഈ തവണത്തെ തെരഞ്ഞെടുപ്പിൽ ശ്രമിച്ചത്.
ജനുവരി 14 ന് തൻ്റെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ എഎപി സർക്കാരിനെ വിമർശിച്ച രാഹുൽ ഗാന്ധി പിന്നീട് രാഷ്ട്രീയ വിമർശനം അരവിന്ദ് കെജ്രിവാളിനെ മാത്രം കേന്ദ്രീകരിച്ച് തിരിക്കുന്നതാണ് കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെജ്രിവാളും ഒരേ നാണയത്തിൻ്റെ രണ്ട് വശങ്ങളെന്നായിരുന്നു പ്രധാന വിമർശനം.
സംസ്ഥാനത്ത് 1998 മുതലേ ബിജെപിക്ക് 32 ശതമാനത്തിനും 38 ശതമാനത്തിനും ഇടയിലാണ് പതിവായി വോട്ട് ലഭിക്കാറുള്ളത്. എന്നാൽ 2013 ന് ശേഷം എഎപിയുടെ കടന്നുവരവോടെ രാജ്യതലസ്ഥാനത്തെ കോൺഗ്രസ് ചിത്രത്തിൽ നിന്ന് പുറത്തായി. കോൺഗ്രസിൻ്റെ വോട്ടുകളാണ് എഎപിയിലേക്ക് ഒഴുകിപ്പോയത്. ബിജെപിയുടേത് ഉറച്ച വോട്ട് ബേസെന്ന വിലയിരുത്തലിലാണ് എഎപിയിലേക്ക് ഒഴുകിപ്പോയ തങ്ങളുടെ പഴയ അനുകൂലികളെ തിരിച്ചെത്തിക്കാനുള്ള ശ്രമം. എഎപിയുമായി നീക്കുപോക്ക് നടത്തി ഡൽഹിയിൽ തിരിച്ചുവരവ് അസാധ്യമെന്ന് കോൺഗ്രസിൻ്റെ ദേശീയ നേതൃത്വവും തിരിച്ചറിഞ്ഞതാണ് ഇപ്പോഴത്തെ വാശിയേറിയ ത്രികോണ മത്സരത്തിൻ്റെ കാരണം.
എന്നാൽ പ്രത്യാക്രമണവും ശക്തമായിരുന്നു. കോൺഗ്രസ് നേതാക്കളുടെ നിരയിൽ നിന്ന് രാഹുൽ ഗാന്ധിയെ മാത്രം അടർത്തിയെടുത്ത് വിശ്വസിക്കാൻ കൊള്ളാത്ത നേതാവെന്ന നിലയിൽ അതിരൂക്ഷ വിമർശനമാണ് എഎപി നടത്തിയത്. ഇതോടെ കെജ്രിവാളിനെ അഴിമതിക്കാരനെന്ന് ആരോപിച്ചായി രാഹുലിൻ്റെ മറുവിമർശം. എഎപിയെയും ബിജെപിയെയും ദളിത് വിരുദ്ധരെന്നും സംവരണ വിരുദ്ധരെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. എഎപിയിൽ ദളിതർക്കും പിന്നോക്കക്കാർക്കും മതന്യൂനപക്ഷങ്ങൾക്കും സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസും ബിജെപിയും ചിരവൈരികളാണെന്നും എഎപിയെ ഇല്ലാതാക്കിയാലേ കോൺഗ്രസിന് ഡൽഹിയിൽ തിരികെ വരാനാവൂ എന്നും കോൺഗ്രസ് നേതാക്കൾ പറയുന്നു. ആറ് സീറ്റുകളിൽ തങ്ങളുടെ സ്ഥാനാർത്ഥികൾ ശക്തമായ മത്സരം കാഴ്ചവെക്കുന്നതായി നേതൃത്വം വിലയിരുത്തുന്നു. നിലവിലെ 4.63 ശതമാനത്തിൽ നിന്ന് വോട്ട് വിഹിതം രണ്ടക്കത്തിലേക്ക് ഉയർത്താനാകുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു. എന്നാൽ സമാനമായ നിലയിൽ മധ്യപ്രദേശിലും ഛത്തീസ്‌ഗഡിലും ഹരിയാനയിലും മഹാരാഷ്ട്രയിലും കോൺഗ്രസിൻ്റെ വിലയിരുത്തലുകൾക്ക് തെരഞ്ഞെടുപ്പ് ഫലവുമായി വിദൂര ബന്ധം പോലും ഉണ്ടായിരുന്നില്ലെന്നത് മറ്റൊരു യാഥാർത്ഥ്യം.
രാജ്യത്ത് കോൺഗ്രസിനെ രണ്ട് സംസ്ഥാനങ്ങളിൽ അധികാരത്തിൽ നിന്ന് പുറത്താക്കി ഭരണം പിടിച്ച ഏക പ്രാദേശിക പാർട്ടിയാണ് എഎപി. ഇതിന് പുറമെ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന കെജ്രിവാൾ ഭാഗമായ 2014 ലെ പ്രതിഷേധമാണ് കോൺഗ്രസിന് രാജ്യത്തെമ്പാടും തിരിച്ചടിയായതെന്നാണ് മറ്റ് നേതാക്കളെ പോലെ രാഹുൽ ഗാന്ധിയും വിശ്വസിക്കുന്നത്. 2013 ൽ ഡൽഹിയിൽ തോറ്റ കോൺഗ്രസിന് പിന്നീട് തിരിച്ചടിയുടെ കാലമായിരുന്നു. 2014 ൽ ടിഡിപിയോട് ആന്ധ്രയിലും ഇന്നത്തെ ബിആർഎസിനോട് തെലങ്കാനയിലും തോറ്റ് ഭരണത്തിൽ നിന്ന് പുറത്തായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യമായാണ് ഡൽഹിയിൽ കോൺഗ്രസും എഎപിയും മത്സരിച്ചത്. അന്ന് എഎപി സ്ഥാനാർത്ഥിക്ക് രാഹുൽ ഗാന്ധിയും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അരവിന്ദ് കെജ്രിവാളും വോട്ട് ചെയ്തെങ്കിലും പ്രചാരണത്തിൽ ഒരിടത്തും ഇരുവരും ഒരുമിച്ചുണ്ടായിരുന്നില്ല.
Story Highlights : Delhi Assembly Election 2025 Why Congress aims to defeat AAP at first
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here