സൗജന്യമായി ആട്ടിറച്ചി നൽകിയില്ല, കുഴിച്ചിട്ട മൃതദേഹം മാന്തിയെടുത്ത് കടക്ക് മുന്നിൽ ഇട്ട് ശ്മശാന തൊഴിലാളി

സൗജന്യമായി ആട്ടിറച്ചി നൽകാത്തതിനെ തുടർന്ന് ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ടു. തമിഴ്നാട് തേനിക്കടുത്ത് പി സി പെട്ടിയിൽ ആണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാർ ആണ് ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ടത്. ഇയാളെ പൊലിസ് കസ്റ്റഡിയിൽ എടുത്തു.
മണിയരശൻ എന്നയാളാണ് ഇറച്ചി കട നടത്തുന്നത്. ഇവിടെ നാല് വർഷം മുൻപ് വരെ ജോലി ചെയ്തിരുന്നയാളാണ് പി സി പെട്ടി സ്വദേശിയായ കുമാർ. മദ്യലഹരിയിൽ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെട്ടു. വില കൂടുതലായതിനാൽ നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വരികയായിരുന്നു. ഇത് കടക്കു മുന്നിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു. കടയുടമ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യറായില്ല. ആംബുലൻസെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. മൃതദേഹം എത്തിച്ച കുമാറിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights : cemetery worker dumped human dead body in front of meat shop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here