Advertisement

ആദായ നികുതി നിയമം പൊളിച്ചെഴുതാൻ കേന്ദ്രസർക്കാർ; നാളെ ബില്ല് പാർലമെൻ്റിൽ; മാറ്റങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം

February 12, 2025
Google News 2 minutes Read
Nirmala sitaraman

രാജ്യത്ത് 1961 മുതൽ പ്രാബല്യത്തിലുള്ള ആദായ നികുതി നിയമം പൊളിച്ചെഴുതുകയാണ് കേന്ദ്രസർക്കാർ. ഉള്ളടക്കത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെങ്കിലും ഘടനാപരമായും ഭാഷാപരമായും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നാളെ ധനമന്ത്രി നിർമല സീതാരാമനാണ് പാർലമെൻ്റിൽ പുതിയ ആദായ നികുതി ബിൽ അവതരിപ്പിക്കുന്നത്. 23 അധ്യായങ്ങളിലായി 536 വിഭാഗങ്ങളും 16 ഷെഡ്യൂളുകളായും തിരിച്ച 622 പേജുള്ള ബില്ലിന്റെ കരട് എംപിമാർക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മധ്യവർഗത്തെയും ബാധിക്കുന്ന ബില്ലിലെ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ ഇവയാണ്.

നികുതി വർഷം: പുതിയ ആദായനികുതി ബില്ലിൽ നികുതി വർഷം എന്ന ആശയം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ അസസ്‌മെന്റ് വർഷവും മുൻ വർഷവും കാരണം നികുതിദായകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാണ് ഇത്. നികുതി ഇടാക്കുമ്പോഴും നികുതി റിട്ടേൺ സമർപ്പിക്കുമ്പോഴും നികുതിദായകരെ അസസ്‌മെന്റ് വർഷവും സാമ്പത്തിക വർഷവും (മുൻ വർഷം) ആശയക്കുഴപ്പത്തിലാക്കാറുണ്ട്. ഇത് നികുതി വർഷമെന്ന ആശയത്തിലൂടെ പരിഹരിക്കപ്പെടും.

സാമ്പത്തിക വർഷം: പുതിയ നികുതി ബില്ലിലും സാമ്പത്തിക വർഷം മാറിയിട്ടില്ല. സാമ്പത്തിക വർഷം ഏപ്രിൽ 1 ന് ആരംഭിച്ച് മാർച്ച് 31 ന് അവസാനിക്കും.

സെക്ഷൻ മാറ്റം: പഴയ നികുതി നിയമത്തിലെ പല സെക്ഷനുകളും പുതിയ നിയമത്തിൽ മാറുമെന്നാണ് വിവരം. ഉദാഹരണത്തിന്, നിലവിലെ ആദായനികുതി നിയമപ്രകാരം, ആദായനികുതി റിട്ടേൺ ഫയലിംഗ് വിശദീകരിക്കുന്നത് സെക്ഷൻ 139 പ്രകാരമാണ്. പുതിയ നികുതി ബില്ലിൽ സെക്ഷൻ 115BACയാണ് ഇത് വിശദീകരിക്കുന്നത്.

റെസിഡൻസി നിയമത്തിലും മാറ്റമില്ല: പുതിയ ആദായനികുതി ബിൽ റെസിഡൻസി നിയമങ്ങളിൽ മാറ്റം വരുത്തില്ല. നിലവിലെ നിയമം അനുസരിച്ച് സാധാരണ താമസക്കാരനായ വ്യക്തി സാധാരണ താമസക്കാരല്ലാത്ത വ്യക്തികൾ, പ്രവാസി വ്യക്തികൾ എന്നിങ്ങനെയാണ് റെസിഡൻസ് സംബന്ധിച്ച തരംതിരിവ്. നികുതി വിദഗ്ധർ ആവശ്യപ്പെടുന്നെങ്കിലും റെസിഡൻസി സംബന്ധിച്ച ചട്ടത്തിൽ മാറ്റമുണ്ടാകില്ല.

കൂടുതൽ ലളിതം: പുതിയ ആദായ നികുതി ബിൽ 23 അധ്യായങ്ങളും 536 സെക്ഷനുകളും 16 ഷെഡ്യൂളുകളുമായി തരംതിരിച്ചിട്ടുണ്ട്. ഇതിന് 600-ലധികം പേജുകളുണ്ട്. നിലവിലെ 298 സെക്ഷനുകളും 14 ഷെഡ്യൂളുകളുമാണ് ഉള്ളത്. കൂടുതൽ സമഗ്രവും ലളിതവുമാക്കുന്നതിനാണ് സെക്ഷനുകൾ കൂട്ടിച്ചേർത്തത്.

എളുപ്പത്തിൽ വ്യാഖ്യാനിക്കാം: മനസ്സിലാക്കാനുള്ള എളുപ്പത്തിനായി വിശദീകരണങ്ങളും വ്യവസ്ഥകളും നീക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ, ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്‌മെന്റ് മുതലായ ശമ്പളത്തിൽ നിന്നുള്ള കിഴിവുകൾ വ്യത്യസ്ത വിഭാഗങ്ങളിലും ചട്ടങ്ങളിലും ചിതറിക്കിന്നത് ഒരൊറ്റ വിഭാഗമാക്കി മാറ്റി.

ടിഡിഎസ് എളുപ്പം : ടിഡിഎസുമായി ബന്ധപ്പെട്ട എല്ലാ സെക്ഷനുകളും ലളിതമായ പട്ടികകളുള്ള ഒരൊറ്റ ക്ലോസിന് കീഴിൽ കൊണ്ടുവന്നിട്ടുണ്ട്. മനസ്സിലാക്കാനുള്ള എളുപ്പത്തിനായാണിത്.

റിട്ടേൺ ഫയലിംഗിൽ മാറ്റമില്ല: പുതിയ ആദായനികുതി ബില്ലിലും ഐടിആർ ഫയലിംഗ് സമയപരിധികൾ, ആദായ നികുതി സ്ലാബുകൾ, മൂലധന നേട്ടങ്ങൾ എന്നിവയിൽ മാറ്റമില്ല.

പ്രാബല്യത്തിൽ വരാൻ സമയമേറെ: പുതിയ ആദായ നികുതി ബിൽ 2026 ഏപ്രിൽ 1 മുതലാണ് (2026-27 സാമ്പത്തിക വർഷം) പ്രാബല്യത്തിൽ വരുന്നത്. അതായത് 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള അടുത്ത സാമ്പത്തിക വർഷത്തെ നികുതി നിലവിലെ ആദായ നികുതി നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കൈകാര്യം ചെയ്യേണ്ടത്.

Story Highlights : 10 takeaways in new Income Tax Bill for taxpayers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here