കടം വീട്ടാൻ കവർച്ച, പൊലീസിനെ ചുറ്റിച്ച് പ്രതി; ബാങ്ക് കവർച്ചയിൽ പിടിയിലായത് ചാലക്കുടി സ്വദേശി

തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തിയത് കടം വീട്ടാനെന്ന് പ്രതിയുടെ മൊഴി. ചാലക്കുടി സ്വദേശിയായ റിജോ ആന്റണി ആണ് പിടിയിലായത്. തനിക്ക് വലിയ കടബാധ്യതയുണ്ടായിരുന്നുവെന്നും അത് തീർക്കാൻ വേണ്ടിയായിരുന്നു കവർച്ച നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയത്. കവർച്ച നടത്തിയതിൽ 15 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചെന്ന് പ്രതി പറയുന്നു. ഈ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നു.
പത്ത് ലക്ഷം രൂപ അന്വേഷണ സംഘം പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത പണം ബാങ്കിൽനിന്ന് നഷ്ടപ്പെട്ടത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ചാലക്കുടിയുമായി അടുത്ത് പരിചയമുള്ള തദ്ദേശീയനാണ് പ്രതിയെന്ന വിവരം അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിജോ പിടിയിലായത്. 36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
Read Also: തൃശൂരിലെ ബാങ്ക് കവർച്ച; പ്രതി പിടിയിൽ; കവർച്ച നടത്തിയത് കടം വീട്ടാനെന്ന് മൊഴി
ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം.
സ്കൂട്ടറിൽ കയ്യുറകളും ഹെൽമെറ്റും, ജാക്കറ്റും ധരിച്ചെത്തിയ മോഷ്ടാവ് ബാങ്കിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഭക്ഷണ ഇടവേള ആയതിനാൽ ഭൂരിഭാഗം ജീവനക്കാരും ഭക്ഷണ മുറിയിലായിരുന്നു. ബാങ്ക് മാനേജർ ഉൾപ്പെടെ രണ്ടുപേർ മാത്രമായിരുന്നു പുറത്തുണ്ടായിരുന്നത്. ഇവരെ മോഷ്ടാവ് കത്തി കാട്ടി ഭീഷണിപ്പെടുത്തി ഭക്ഷണം കഴിക്കുന്ന മുറിയിലേക്ക് ആക്കി വാതിൽ പുറത്തുനിന്നും പൂട്ടുകയായിരുന്നു. തുടർന്നായിരുന്നു കവർച്ച നടത്തിയത്.
Story Highlights : Thrissur bank robbery accused Chalakudy native Rijo Antony caught
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here