ഇന്ത്യയിലെ വോട്ടെടുപ്പിന് അമേരിക്കയുടെ 160 കോടി സഹായം കെട്ടുകഥയെന്ന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി

ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് യുഎസ് ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ചുവെന്ന റിപ്പോർട്ട് നിഷേധിച്ച് മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷി. ആമേരിക്കൻ ധനസഹായം വാങ്ങുന്ന സ്ഥാപനവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ യുപിഎ കാലത്ത് കരാറുണ്ടാക്കിയതിനെ ചൊല്ലി വിവാദത്തിലാണ് പ്രതികരണം.
ഭരണനിർവ്വഹണം മെച്ചപ്പെടുത്താൻ ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിൽ പ്രസിഡൻറ് ട്രംപ് രൂപീകരിച്ച ഡിപാട്ട്മെൻറ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസിയാണ് സമൂഹമാധ്യമമായ എക്സിൽ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിവിധ രാജ്യങ്ങൾക്ക് യുഎസ് എയ്‌ഡ് എന്ന പേരിൽ നൽകിയ സഹായം നിർത്തുന്നതായാണ് പ്രഖ്യാപിച്ചത്. 486 ദശലക്ഷം ഡോളർ തെരഞ്ഞെടുപ്പും രാഷ്ട്രീയ പ്രവർത്തനവും ശക്തിപ്പെടുത്താനുള്ള കൺസോർഷ്യത്തിന് (consortium for Elections and political process strengthening) നല്കിയതായി പട്ടികയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ 160 കോടി രൂപ ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ ചെലവഴിച്ചുവെന്നാണ് പുറത്തുവന്ന വിവരം.
ഈ വാർത്ത വസ്തുതാവിരുദ്ധമെന്നും എന്നാൽ 2012 ൽ ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഇലക്‌ട്രൽ സിസ്റ്റംസുമായി ധാരണാപത്രം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനത്തിനായി റിസോഴ്‌സ് സെൻ്റർ ഇന്ത്യ, ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെൻ്റ് തുടങ്ങി പല ഏജൻസികളുമായി ധാരണ ഉണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും സാമ്പത്തിക ഇടപാട് ഉൾപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ധാരണാ പത്രങ്ങളിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇപ്പോഴത്തെ ഭരണകക്ഷിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ വിദേശ ഇടപെടലുണ്ടായതിൻ്റെ കുറ്റക്കാർ ആരെന്നും ചോദിച്ച് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്ത് വന്നു. കോൺഗ്രസ് നയിച്ച യുപിഎ സർക്കാരാണ് പ്രതിസ്ഥാനത്തുള്ളതെന്നും ദേശതാത്പര്യത്തിന് വിരുദ്ധമായി ഇന്ത്യൻ സ്ഥാപനങ്ങളിൽ വിദേശ ഇടപെടലിന് അന്നത്തെ സർക്കാർ വഴിയൊരുക്കിയെന്നും അദ്ദേഹം ആരോപിച്ചു.
Story Highlights : Former chief election commissioner S.Y. Quraishi rejected a report that U.S. agency funding was used for raising voter turnout in India when he headed the poll body.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here