Advertisement

പി എസ് സി ചെയര്‍മാനും അംഗങ്ങളും കോടീശ്വരന്മാരാവും

February 19, 2025
3 minutes Read
psc

മുണ്ടുമുറുക്കാനും വികസനമേഖലയിലടക്കം ചിലവുകള്‍ വെട്ടിച്ചുരുക്കാനും ധനവകുപ്പ് നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും വാരിക്കോരി ശമ്പളം. പ്രതിമാസം നാല് ലക്ഷം രൂപ ആവശ്യപ്പെട്ട് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സഭായോഗം തീരുമാനം. പി എസ് എസ് സി ചെയര്‍മാന്റെയും അംഗങ്ങളുടേയും വേതനം വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. [PSC]

പി എസ് സി ചെയര്‍മാന്റെയും അംഗങ്ങളുടേയും ശമ്പളം പരിഷ്‌ക്കരിക്കണമെന്ന ആവശ്യത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കുന്നതായാണ് സര്‍ക്കാര്‍ അറിയിപ്പ്. ഇതോടെ ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ടൈം സ്‌കെയിലിലെ ശമ്പളമാണ് ലഭിക്കുക. ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് ശമ്പളമാണ് പി എസ് സി അംഗങ്ങള്‍ക്ക് ലഭിക്കുക.

കേരളത്തിലെ പി എസ് സി അംഗങ്ങളായി 20 പേരാണുള്ളത്. ചെയര്‍മാനും സെക്രട്ടറിയും അടക്കം 21 പേരടങ്ങുന്നതാണ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍. മറ്റു സംസ്ഥാനങ്ങളിലെ പി എസ് സി അംഗങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഗണിച്ചാണ് വര്‍ധനയെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.
ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76000 രൂപയാണ്. എന്നാല്‍ മറ്റ് അലവന്‍സുകള്‍ ഉള്‍പ്പെടെ 2.26 ലക്ഷം രൂപയാണ് ഒരു മാസം ചെയര്‍മാന് ലഭിക്കുക. അംഗങ്ങള്‍ക്ക് അടിസ്ഥാന ശമ്പളം 70000 രൂപയാണ്. എന്നാല്‍ അലവന്‍സ് ഉള്‍പ്പെടെ 2.30 ലക്ഷം രൂപ ലഭിക്കും.

Read Also: തരൂരിനായി വലവിരിച്ച് സി പി എം സെമിനാറിലേക്ക് ക്ഷണിച്ച് ഡി വൈ എഫ് ഐ

പി എസ് സി ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരെ നിയമിക്കുന്നത് രാഷ്ട്രീയ പരിഗണനകള്‍ വച്ചാണ്. മുന്നണി അടിസ്ഥാനത്തില്‍ പി എസ് സി അംഗങ്ങള്‍ വീതം വച്ച് എടുക്കുന്നതാണ് പതിവ്. ഘടകകക്ഷികള്‍ക്കടക്കം പി എസ് സി അംഗത്വം നല്‍കിയിട്ടുണ്ട്. പി എസ് സി അംഗങ്ങളുടെ കാലാവതി ആറ് വര്‍ഷമാണ്. വന്‍ തുക ശമ്പളമായി ലഭിക്കുമെന്നതിനാലാണ് പി എസ് സി അംഗത്വത്തിനായി നിരവധിപേര്‍ ഭരണകക്ഷി പാര്‍ട്ടികളില്‍ സമ്മദ്ദം ചെലുത്തുന്നത്. പി എസ് സി അംഗത്വം വില്‍പ്പന നടത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ചെയര്‍മാനും അംഗങ്ങള്‍ക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷനും ലഭിക്കും. പി എസ് സി രാഷ്ട്രീയക്കാര്‍ക്ക് വലിയൊരു കറവപ്പശുവാണ്.

ചെയര്‍മാന് നാല് ലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും വേതനമായി നല്‍കണമെന്നായിരുന്നു പി എസ് സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. പി എസ് സി വിജ്ഞാപനങ്ങളും റാങ്കുപട്ടികയില്‍ നിന്നുള്ള നിയമനങ്ങളും കുറയുകയും പി എസിയില്‍ വന്‍ ശമ്പളം നല്‍കുകയും ചെയ്യുന്ന വിരോദാഭാസമാണ് ഇവിടെ അരങ്ങേറുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പി എസ് സി ചെര്‍മാന്റെയും അംഗങ്ങളുടേയും സേവന വേതന വ്യവസ്ഥകള്‍ പരിഗണിച്ചാണ് ഈ വര്‍ധനയെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പബ്ലിക് സര്‍വീസ് കമ്മീഷനാണ് കേരളത്തിലേതെന്ന് സൗകര്യപൂര്‍വം മറച്ചുവെച്ചു.

Read Also: ‘മഹാകുംഭമേള മൃത്യു കുംഭ്മേളയായി മാറി’; മമതയുടെ പരാമർശം രാഷ്ട്രീയ ആയുധമാക്കാൻ നീക്കവുമായി ബിജെപി

കാറും വീട്ടുവാടകയും മറ്റും അടക്കം വന്‍ തുകയാണ് പി എസ് സി അംഗങ്ങള്‍ക്കും ചെയര്‍മാനുമായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ചെയര്‍മാന് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ തുല്യമായ ആനുകൂല്യങ്ങള്‍ ലഭിക്കും. പി എസ് സി അംഗങ്ങളുടെ പെന്‍ഷനിലും ഈ വര്‍ധനയുണ്ടാവും.

തമിഴ്‌നാട് പി എസ് സി ക്ക് 14 അംഗങ്ങളും കര്‍ണ്ണാടക പി എസ് സിക്ക് 13 അംഗവും യുപി പി എസ് സി ക്ക് ഒന്‍പത് അംഗങ്ങളുമാണുള്ളതെന്നും കേരള സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കേണ്ടതായിരുന്നു. തിങ്കളാഴ്ച കമ്മിഷന്റെ സിറ്റിംഗ്, ചൊവ്വാഴ്ച കമ്മിറ്റി ചേരല്‍. അഭിമുഖങ്ങള്‍,ഫയല്‍ നോക്കല്‍ തുടങ്ങിയവയാണ് ജോലി. പലരും ലക്ഷങ്ങള്‍ കോഴ നല്‍കിയാണ് പി എസ് സി അംഗങ്ങളായതെന്നാണ് അണിയറ സംസാരം. ഇതിനെ ന്യായീകരിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നാണ് ആരോപണം.

അടിസ്ഥാന വേതനത്തിലും വര്‍ധനയുണ്ട്. 108359 രൂപയാണ് ചെയര്‍മാന് വര്‍ധനയുണ്ടായിരിക്കുന്നത്. അംഗങ്ങള്‍ക്ക് 122004 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

പിഎസ്‌സി ചെയര്‍മാന്റെ പുതിയ ശമ്പളം

.അടിസ്ഥാന ശമ്പളം- 2,24,100
.ഡി എ- 1,18,773
.എച്ച് ആര്‍- എ 35,000
.അലവന്‍സ്- 10,000
.ആകെ- 3,87,873
.മുന്‍ ശമ്പളത്തില്‍ നിന്നുള്ള വ്യത്യാസം- 1,08,359

പിഎസ്‌സി അംഗങ്ങളുടെ പുതിയ ശമ്പളം

.അടിസ്ഥാന ശമ്പളം- 2,19,090
.ഡി എ- 1,16,117
.എച്ച് ആര്‍ എ- 35,000
.അലവന്‍സ്- 10,000
.ആകെ- 3,80,207
.മുന്‍ ശമ്പളത്തില്‍ നിന്നുള്ള വ്യത്യാസം- 1,22,004

Story Highlights : Kerala government revises salaries of PSC chairman and members

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top