Advertisement

‘തുച്ഛ വേതനത്തിന് വേണ്ടിയുള്ള ആശാ വര്‍ക്കര്‍മാരുടെ സമരം കണ്ടില്ലെന്നു നടിക്കുന്നവരാണ് ലക്ഷങ്ങള്‍ വാങ്ങുന്നവരുടെ ശമ്പളം വര്‍ധിപ്പിച്ചത്’ ; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍

February 19, 2025
Google News 2 minutes Read
v d

വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ നട്ടംതിരിയുന്നതിനിടെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സുകളും അനിയന്ത്രിതമായി വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭ യോഗത്തിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന തുച്ഛ വേതനത്തിനും വേതന വര്‍ധനവിനും വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാരായി ജോലി ചെയ്യുന്ന സ്ത്രീകള്‍ പത്തു ദിവസമായി നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന അതേ സര്‍ക്കാരാണ് ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വര്‍ധിപ്പിച്ചു നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരും വിരമിച്ചവരും നട്ടംതിരിയുന്നതും ഇതേ കേരളത്തിലാണെന്നത് മറക്കരുത്. വയോധികരും വിധവകളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് മാസങ്ങളോളം പെന്‍ഷന്‍ നല്‍കാതിരുന്നു. ഇപ്പോഴും മൂന്നു മാസത്തെ കുടിശികയുണ്ട്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ഒരു ലക്ഷം കോടി രൂപയുടെ കുടിശികയാണ് നിലവിലുള്ളത്. ഖജനാവില്‍ പണമില്ലാത്തതില്‍ പ്രത്യേക പരിഗണന നല്‍കേണ്ട വിഭാഗങ്ങളുടെ പദ്ധതി വിഹിതം പോലും ചരിത്രത്തില്‍ ആദ്യമായി വെട്ടിക്കുറച്ച സര്‍ക്കാരാണ് രാഷ്ട്രീയ നിയമനത്തിലൂടെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് വീണ്ടും ലക്ഷങ്ങള്‍ കൂട്ടിക്കൊടുത്തത് – അദ്ദേഹം വ്യക്തമാക്കി.

Read Also: എലപ്പുള്ളി മദ്യനിര്‍മാണശാലയില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; സിപിഐയുടേയും ആര്‍ജെഡിയുടേയും എതിര്‍പ്പ് അവഗണിച്ചു

സര്‍ക്കാര്‍ നടത്തിയ അഴിമതിയും ധൂര്‍ത്തും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നിട്ടും അതിന്റെ പാപഭാരം മുഴുവനായി നികുതിയും സെസും നിരക്ക് വര്‍ധനകളുമായി സാധാരണക്കാരുടെ ചുമലിലേക്ക് അടിച്ചേല്‍പ്പിക്കുകയാണെന്നും അര്‍ഹമായ തസ്തികകള്‍ അനുവദിക്കാതെയും ആനുകൂല്യങ്ങള്‍ പിടിച്ചുവച്ചും പി.എസ്.സിയിലെ സാധാരണ ജീവനക്കാരെ ദ്രോഹിക്കുന്ന അതേ സര്‍ക്കാരാണ് ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവന്‍സും കുത്തനെ കൂട്ടിയതെന്നും അദ്ദേഹം പറയുന്നു. സര്‍ക്കാരിന്റെ മുന്‍ഗണനാക്രമം എന്താണെന്ന് ഈ ഒരൊറ്റ മന്ത്രിസഭാ തീരുമാനത്തിലൂടെ വ്യക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : V D Satheesan about the increase of salary of PSC members

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here