ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ല; സ്വന്തം സ്ഥലത്ത് ഗേറ്റ് വയ്ക്കാനെത്തിയ ദമ്പതികള്‍ക്കുനേരെ മര്‍ദനം, അസഭ്യവര്‍ഷം; ദൃശ്യങ്ങള്‍ പുറത്ത്

ക്ഷേത്രം പണിയാന്‍ സ്ഥലം വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് ദമ്പതികള്‍ക്ക് നേരെ ആക്രമണം. മലയന്‍കീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദന ദൃശ്യങ്ങളും ട്വന്റിഫോറിന് ലഭിച്ചത്. സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ ഭീഷണിയും കൈയേറ്റവുമുണ്ടായപ്പോള്‍ ദമ്പതികള്‍ തെളിവിനായി വിഡിയോയെടുക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതരായ സംഘം അനീഷിനെ പിടിച്ചുതള്ളുകയും മര്‍ദിക്കുകയുമായിരുന്നു. (couples attacked in thiruvananthapuram land dispute)
മലയന്‍കീഴ് സ്വദേശികളായ അനീഷിനും ഭാര്യയ്ക്കും കരിക്കകം പമ്പ് ഹൗസിന് സമീപമുള്ള 12 സെന്റ് സ്ഥലത്തിന്റെ പേരിലാണ് തര്‍ക്കം തുടങ്ങിയത്. ഈ സ്ഥലത്ത് ഒരു ക്ഷേത്രം പണിയുന്നതിനായി മൂന്ന് സെന്റ് വിട്ടുനല്‍കണമെന്ന് ഒരു സംഘമാളുകള്‍ അനീഷിനോട് ആവശ്യപ്പെട്ടു. മൂന്ന് സെന്റായി വിട്ടുനല്‍കില്ലെന്നും പത്ത് സെന്റ് മാര്‍ക്കറ്റ് വിലയ്ക്ക് നല്‍കാമെന്നും അനീഷ് നിലപാടെടുത്തു. ഇത് സ്വീകാര്യമല്ലാതിരുന്ന സംഘം തൊട്ടടുത്ത ദിവസം അനീഷിന്റെ അനുവാദമില്ലാതെ സ്ഥലത്ത് അതിക്രമിച്ച് കയറി ഒരു വിളക്ക് വച്ചു. ഇതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് ഇന്നത്തെ മര്‍ദനത്തിലേക്ക് വഴിവച്ചത്.
സ്ഥലത്ത് അതിക്രമിച്ച് കയറിയത് ചൂണ്ടിക്കാട്ടി അനീഷ് ഇക്കഴിഞ്ഞ പതിമൂന്നാം തിയതി സമര്‍പ്പിച്ച പരാതി പേട്ട പൊലീസ് സ്റ്റേഷനിലുണ്ട്. എതിര്‍ കക്ഷികള്‍ക്ക് വക്കീല്‍ നോട്ടീസും നല്‍കിയിരുന്നു. 17-ാം തിയതി അനീഷ് കോടതിയും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും പതിനെട്ടാം തിയതി എതിര്‍കക്ഷികള്‍ അനീഷിന്റെ സ്ഥലത്ത് വീണ്ടുമെത്തി വിളക്കുവച്ചു. ഇത്തരം സംഭവങ്ങള്‍ പതിവായപ്പോള്‍ സ്ഥലത്ത് ഒരു ഗേറ്റ് സ്ഥാപിക്കാന്‍ അനീഷ് ആര്യയ്‌ക്കൊപ്പമെത്തിയപ്പോഴാണ് അവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ആര്യയെ ഈ സംഘം മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി. കഴക്കൂട്ടം സ്വദേശിയായ രാജേന്ദ്രന്‍ എന്നയാളുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്. സംഭവത്തില്‍ പേട്ട പൊലീസ് കേസെടുത്തു.
Story Highlights : couples attacked in thiruvananthapuram land dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here