‘ശശി തരൂർ പറഞ്ഞത് ശരി; കോൺഗ്രസിലെ മാറ്റങ്ങളുടെ തുടക്കം’; പിന്തുണയുമായി സിപിഐഎം

കോൺഗ്രസിന് തന്നെ വേണ്ടെങ്കിൽ മറ്റ് വഴികളുണ്ടെന്ന് പറഞ്ഞ ഡോ. ശശി തരൂർ എംപിക്ക് പിന്തുണയുമായി സിപിഐഎം. കോൺഗ്രസിനെക്കുറിച്ച് ശശി തരൂർ പറഞ്ഞത് ശരിയെന്നും കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് ശശി തരൂരെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ശശി തരൂരിന്റെ അഭിമുഖം കോൺഗ്രസിൽ വരാൻ പോകുന്ന മാറ്റങ്ങളുടെ തുടക്കമാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും പ്രതികരിച്ചു. ആരെയും ചേർത്ത് നിർത്താൻ ഇന്നത്തെ കോൺഗ്രസ് നേതൃത്വത്തിന് അറിയില്ലെന്ന് കെ വി തോമസും വിമർശിച്ചു.
കോൺഗ്രസിനെക്കുറിച്ച് എൽഡിഎഫും സിപിഐഎമ്മും പറയുന്ന കാര്യമാണ് ശശി തരൂരും ചൂണ്ടുക്കാണിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശശി തരൂരിനെ വിലകുറച്ച് കാണേണ്ട കാര്യമില്ല. തരൂരിന് എതിരെ കോൺഗ്രസ് നടപടി എടുക്കുമോ എന്നതിൽ സിപിഐഎം അഭിപ്രായം പറയേണ്ടതില്ലെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. കോൺഗ്രസിലൂടെ ഐഡന്റിറ്റി ഉണ്ടാക്കിയ ആളല്ല ശശി തരൂരെന്ന് എകെ ബാലൻ ട്വന്റിഫോറിനോട് പറഞ്ഞു. ശശി തരൂരിന് കോൺഗ്രസിന്റെ മറ്റേത് സ്ഥാനാർത്ഥികളേക്കാളും വോട്ട് പിടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂരിന്റേത് കോൺഗ്രസിനുള്ള ശക്തമായ മുന്നറിയിപ്പെന്ന് പ്രൊഫ. കെ വി തോമസ് പ്രതികരിച്ചു. പോകുന്നവർ പോകട്ടെ എന്ന നിലപാട് കോൺഗ്രസിന് ദോഷം ചെയ്യും. എൽഡിഎഫ് പ്രവേശനത്തെ കുറിച്ച് മുന്നണി ആലോചിക്കട്ടെയെന്നും തരൂരിന് പിണറായി വിജയനുമായുള്ളത് നല്ല ബന്ധമാണെന്നും കെ വി തോമസ് പറയുന്നു. തരൂർ ഒരിക്കലും ബിജെപിയിലേക്ക് പോകരുത്. ആര് നേതൃത്വത്തിൽ വന്നാലും കോൺഗ്രസ് ഇനി കേരളത്തിൽ തിരിച്ചു വരില്ല. കോൺഗ്രസിലെ പുതുതലമുറയുടെ മനോഭാവം ശരിയല്ലെന്നും കെ വി തോമസ് വിമർശിച്ചു.
വ്യവസായ മേഖലയിൽ കേരളം മുന്നേറ്റം നടത്തുന്നുവെന്ന ലേഖനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് ശശി തരൂരിൻ്റെ അഭിമുഖം കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കുന്നത്. പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്ന് ശശി തരൂർ പറഞ്ഞു. പരിശ്രമിച്ചില്ലെങ്കിൽ കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന് വീണ്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നാണ് തരൂരിന്റെ താക്കീത്. കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വം ഇല്ലെന്ന് പ്രവർത്തകർക്ക് ആശങ്കയുണ്ട്. അഭിപ്രായ സർവേകളിൽ ജനസമ്മതിയിൽ താനാണ് മുന്നിലെന്നും ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശശി തരൂർ അവകാശപ്പെടുന്നു.
Story Highlights : CPIM with supports Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here