കാറിലെത്തിയ സംഘം ഗൃഹനാഥനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയി; തമിഴ്നാട് അതിർത്തിയിൽ ഉപേക്ഷിച്ചു

പാലക്കാട് വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് രാത്രി തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവർ മുഖം മൂടിയിട്ടതിനാൽ ആരാണ് സംഘത്തിലുള്ളവർ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഗൃഹനാഥനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
ഇന്നലെ രാത്രി 9 മണിയോടെയാണ് അജ്ഞാതർ നൗഷാദിനെ കാറിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് തമിഴ്നാട് അതിർത്തിയായ നവക്കരയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ടൗണിൽ പോയി തിരിച്ച് വരുന്ന സമയത്ത് കടയ്ക്കു സമീപം വച്ച് നിർത്തിയിട്ട വാഗൺആർ കാറിലെത്തിയ മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തു. നൗഷാദ് ഒച്ച വച്ചതിനെ തുടർന്ന് സമീപവാസികൾ ബഹളം കേട്ട് എത്തിയെങ്കിലും സംഘം ഉടൻ കാറിൽ ഇയാളുമായി കടന്നു കളഞ്ഞു.
Read Also: മറ്റൊരാളുമായി പ്രണയമുണ്ടായതിൽ പക; മുൻ കാമുകിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു
വടക്കഞ്ചേരി റോളക്സ് ഓഡിറ്റോറിയത്തിന് സമീപം വാഹനങ്ങളുടെ ഇലക്ട്രിക്കൽ ജോലികൾ ചെയ്യുന്ന സ്ഥാപനത്തിന്റെ പിൻവശത്ത് തന്നെയാണ് നൗഷാദിന്റെ വീട്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതിനിടയിൽ 11 മണിയോടെ മകന്റെ ഫോണിലേക്ക് കോൾ വന്നു. താൻ തമിഴ്നാട് അതിർത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണ് നൗഷാദ് അറിയിച്ചത്.
തുടർന്ന് ബന്ധുക്കൾ നവക്കരയിൽ എത്തി. മുഖത്തും ശരീരത്തിനും പരിക്കേറ്റ നൗഷാദിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. വടക്കഞ്ചേരി പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചു. മുഖം മൂടി സംഘത്തെ തിരിച്ചറിഞ്ഞിട്ടില്ല.
Story Highlights : Man kidnapped from Palakkad and abandoned in Tamil Nadu border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here