നെന്മാറ ഇരട്ടക്കൊല; ചെന്താമരയുടെ ജാമ്യാപേക്ഷയിൽ വിധി 27ന്

നെന്മാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ജാമ്യാപേക്ഷയിൽ 27ന് വിധി പറയും. ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. ഇന്ന് ചെന്താമരയുടെ റിമാൻഡ് കാലാവധിയും നീട്ടി. കഴിഞ്ഞ ദിവസമാണ് ചെന്താമര അഭിഭാഷകൻ ജേക്കബ് മാത്യു മുഖേന ജാമ്യാപേക്ഷ സമർപ്പിച്ചത്.
തന്റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ലെന്നാണ് ചെന്താമരയുടെ അഭിഭാഷകന്റെ വാദം. താനാണ് കൊലപാതകം നടത്തിയതെന്ന കുറ്റസമ്മത മൊഴി നൽകിയിട്ടില്ലെന്നും പൊലീസ് അതെല്ലാം എഴുതി ചേർത്ത് ഒപ്പുവെപ്പിച്ചതാണെന്നും ചെന്താമര കോടതിയിൽ വാദിച്ചു. എന്നാൽ ചെന്താമരയുടെ വാദങ്ങളെ പ്രോസിക്യൂഷൻ നിരസിക്കുകയാണ് ഉണ്ടായത്. കൊലപാതകത്തിന് ശേഷം ആയുധവുമായി ചെന്താമര ഇറങ്ങി പോകുന്നത് കണ്ട സാക്ഷികൾ ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. 27 നും ചെന്താമരയ്ക്ക് ജാമ്യം ലഭിക്കില്ലെന്ന പ്രതീക്ഷയിലാണ് ഉള്ളത്. ചെന്താമരയ്ക്ക് ജാമ്യം നല്കുകയാണെങ്കിൽ അത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാവുമെന്നാണ് നാട്ടുകാർ പറയുന്നത്. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു.
2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്‍റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം.
ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനെയും ലക്ഷ്മിയെയും ചെന്താമര കൊന്നത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഇയാള്‍ കാട്ടിലേയ്ക്ക് കടന്നിരുന്നു. 29ന് പുലര്‍ച്ചെയാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്.
Story Highlights : Nenmara double murder case: Verdict on Chenthamara’s bail plea on 27th
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here