രഞ്ജി ട്രോഫി; ഇന്നിംഗ്സ് തോൽവിയോടെ അരങ്ങേറ്റം; മുക്കാൽ നൂറ്റാണ്ടിന് ശേഷം ഫൈനൽ ബർത്തിൽ കേരളം

പോരാട്ട വീര്യത്തിനൊപ്പം ഭാഗ്യവും തുണച്ചതോടെ കേരളം ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ കളിക്കാൻ ഒരുങ്ങുന്നു. 42 തവണ ചാംപ്യൻമാരായ മുംബൈയെ സെമിയിൽ പരാജയപ്പെടുത്തിയ വിദർഭ യാണ് എതിരാളികൾ. വിദർഭക്കെതിരെ ടോസ് നേടിയ കേരളം ബൗളിംഗ് തെരഞ്ഞെടുത്തു. 2017-18 ലും 18-19 ലും ട്രോഫി നേടിയ ടീമാണ് വിദർഭ. സൽമാൻ നിസാറിൻ്റെയും അസ്ഹറുദ്ദീൻ്റെയും രോഹൻ കുന്നുമ്മലിൻ്റെയും ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും ബാറ്റിങ് ഫോം. ജലജ് സക്സേനയുടെയും ആദിത്യ സർവാതെയുടെയും എം.ഡി.നിധീഷിൻ്റെയും ബൗളിങ് മികവ്. ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരെയും സെമിയിൽ ഗുജറാത്തിനെതിരെയും കാഴ്ചവച്ച ടീം സ്പിരിറ്റ് കേരളത്തിന് പ്രതീക്ഷ നൽകുന്നു. ഏറെ കരുത്തരാണ് വിദർഭ. പക്ഷേ, ഭാഗ്യം ഹെൽമറ്റിലൂടെയോ വിട്ടു കളയുന്നൊരു ക്യാച്ചിലൂടെയോ ആരെയും തുണയ്ക്കാം.
കേരളം നടാടെ കിരീടം ചൂടിയാലും ഇല്ലെങ്കിലും ഇത് കേരളത്തിൻ്റെ മുക്കാൽ നൂറ്റാണ്ടത്തെ രഞ്ജി ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്. മേഖലാ അടിസ്ഥാനത്തിൽ ടൂർണമെൻ്റ് നടന്ന കാലത്ത് ദക്ഷിണമേഖലയിൽ ആരോടും തോറ്റിരുന്ന ടീം ഇന്ന് ദേശീയ തലത്തിൽ ആരെയും തോൽപിക്കാൻ വളർന്നു. രഞ്ജി ട്രോഫി തുടങ്ങി 16 വർഷത്തിനു ശേഷം , 1951 ഡിസംബർ എട്ടിനാണ് തിരു-കൊച്ചി ടീം അരങ്ങേറിയത്. ബാംഗ്ളൂ (ബെംഗളുരു) രാജേന്ദ്ര സിങ്ജി സ്റ്റേഡിയത്തിൽ പി.എം.രാഘവൻ്റെ നേതൃത്വത്തിൽ (കേളപ്പൻ തമ്പുരാൻ ആയിരുന്നു ഉപനായകൻ) ഇറങ്ങിയ ടീം മൈസൂറിനോട് ഇന്നിംഗ്സിനും 87 റൺസിനും പരാജയപ്പെട്ടു.
അഞ്ചു സീസണിൽ കേരളത്തെ നയിച്ച പി.എം.രാഘവൻ്റെ ടീം 1953 നവംബറിൽ തിരുവനന്തപുരത്ത് ഗുലാം അഹമ്മദിൻ്റെ ഹൈദരാബാദിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. രാഘവൻ്റെ അനുജൻ പി.എം.അനന്ദൻ എന്ന പേസ് ബൗളർ ഏഴു വിക്കറ്റ് തെറിപ്പിച്ച് ഹൈദരാബാദിനെ ഞെട്ടിച്ചു. പക്ഷേ, തിരു-കൊച്ചി ടീം മേഖലാ ഫൈനലിൽ 1954 ജനുവരിയിൽ മദ്രാസിൽ (ചെന്നൈ) ആതിഥേയരോട് 316 റൺസിന് ദയനീയ തോൽവി ഏറ്റുവാങ്ങി.
കേരള ടീം എന്ന നിലയിൽ അരങ്ങേറ്റം 1957 നവംബറിൽ മദ്രാസിൽ ആയിരുന്നു. ആ സീസണിൽ എല്ലാ മത്സരവും തോറ്റു. കത്തിയവാറിനായി അരങ്ങേറി, ഇംഗ്ലണ്ടിലും കളിച്ച് തിരു-കൊച്ചി ടീമിലെത്തിയ ബാലൻ പണ്ഡിറ്റ് 1960 ൽ പാലക്കാട്ട് ആന്ധ്രയ്ക്കെതിരെ ഇരട്ട സെഞ്ചുറിയും ജോർജ് ഏബ്രഹാമും (198) ഒത്ത് നാലാം വിക്കറ്റിന് 410 റൺസും നേടിയത് മാറ്റത്തിൻ്റെ സൂചനയായി.
അതേ വർഷം ഡിസംബർ അവസാനം കേരളം രഞ്ജിയിലെ പ്രഥമ വിജയം ആഘോഷിച്ചു.കേരളത്തിൻ്റെ ഇരുപത്തിരണ്ടാം മത്സരമായിരുന്നത്.ഗുണ്ടൂരിൽ ആന്ധ്രയെ തോൽപിച്ചത് ഇന്നിംഗ്സിനും അഞ്ചു റൺസിനും. 1995 ജനുവരിയിൽ കേരളം ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് റൗണ്ടിൽ കടന്നു.അനന്തപത്മനാഭൻ്റെ ടീം ആദ്യമായി തമിഴ്നാടിനെ പരാജയപ്പെടുത്തി. പാലക്കാട്ടെ വിജയം 123 റൺസിനായിരുന്നു. പക്ഷേ, ലക് നോയിൽ യു.പിയോട് പരാജയപ്പെട്ടു. എന്നാൽ, താമസിയാതെ കേരളം ആദ്യമായി ദക്ഷിണമേഖലാ ചാംപ്യൻമാരായി(27 പോയിൻ്റ്). ഫിറോസ് റഷീദിൻ്റെ ടീം കർണാടകയെ ആദ്യമായി പരാജയപ്പെടുത്തുകയും ചെയ്തു . ആറു വിക്കറ്റിന് ആയിരുന്നു പാലക്കാട്ടെ വിജയം. ഈ നേട്ടം കൈവരിക്കുമ്പോൾ കേരളത്തിൻ്റെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ, ആദ്യ നായകൻ പി.എം. രാഘവൻ്റെ പുത്രൻ എ.പി.എം.ഗോപാലകൃഷ്ണൻ ആയിരുന്നു എന്നതും ചരിത്രം. തമിഴ് നാട്ടുകാരായ രാംപ്രകാശിനയും പി.ബി.അനന്ദിനെയും അദ്ദേഹം ടീമിലെടുത്തത് അന്ന് വിമർശിക്കപ്പെട്ടെങ്കിലും ആ ചുവടുവയ്പ് കേരള ക്രിക്കറ്റിൻ്റെ നിലവാരം ഉയർത്തിയെന്ന് കാലം തെളിയിച്ചു.
2018ൽ ആദ്യമായി ക്വാർട്ടറിൽ കടന്ന കേരളം 2019 ൽ നടാടെ സെമിയിലെത്തി. സച്ചിൻ ബേബിയായിരുന്നു അന്നും നായകൻ. അന്നു ക്വാർട്ടറിൽ ഗുജറാത്തിനെ കീഴടക്കിയ കേരളം വയനാട്ടിൽ സെമിയിൽ (പരുക്കുമൂലം സഞ്ജു സാംസൻ സെമി കളിച്ചില്ല) വിദർഭയോട് ഇന്നിംഗ്സിനും 11 റൺസിനും പരാജയപ്പെട്ടു. അഞ്ചു ദിവസത്തെ കളി രണ്ടു ദിവസം പൂർത്തിയാകും മുമ്പേ അവസാനിച്ചു. ഇപ്പോൾ ഇതാ കലാശപ്പോരാട്ടത്തിൽ കേരളവും വിദർഭയും മുഖാമുഖം. പക്ഷേ, അന്നത്തെ കേരളമല്ലിത്. ക്വാർട്ടറിലും സെമിയിലും കേരളത്തിൻ്റെ ബാറ്റർമാർ കാഴ്ചവച്ച ചെറുത്തുനിൽപ് ഫൈനലിലും പ്രതീക്ഷിക്കാം. വിദർഭയുടെ കരുത്ത് കേരളത്തെ ഭയപ്പെടുത്തുന്നില്ല, നിശ്ചയം.
Story Highlights : Kerala’s bright chapter in history of Renji Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here