‘പിന്നിൽ നിന്ന് കുത്തിയവർ കാണാൻ വരേണ്ട, മൃതദേഹം പാർട്ടി ഓഫീസിൽ വെക്കില്ല’; സിപിഐ നേതൃത്വത്തിനെതിരെ പി രാജുവിൻ്റെ കുടുംബം

അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിൻ്റെ മൃതദേഹം സിപിഐ പാർട്ടി ഓഫീസിൽ വെക്കേണ്ടെന്ന് കുടുംബം. പാർട്ടിയിൽ നിന്നും നീതി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പിന്നിൽ നിന്ന് കുത്തിയവർ മൃതദേഹം കാണാൻ വരേണ്ടതില്ലെന്നും പാർട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പി രാജുവിന്റെ കുടുംബം.
പി രാജു മരിക്കാൻ കാരണകാരായിട്ടുള്ളവർ ഒരു കൊടിയും പൊക്കിപ്പിടിച്ച് വരണ്ട. ജില്ലാ നേത്യത്വം തഴഞ്ഞ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ആളുകളുടെ പിന്നാലെ എന്തിനാണ് നടക്കുന്നത്. അതിൽ വേറെ ഉദ്ദേശമുണ്ട്. ചില ആളുകളൊക്കെ ആശുപത്രിയിൽ വന്നു കണ്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ ബോധം പോയെന്നറിഞ്ഞിട്ടും കണ്ടു സംസാരിക്കണം എന്ന് പറഞ്ഞ ആളുകൾ വരെ പാർട്ടിയിലുണ്ടെന്ന് കുടുംബം പറഞ്ഞു. വ്യക്തിപരമായി പാർട്ടിയോടോ വ്യക്തികളോടോ ശത്രുതയില്ല, പക്ഷെ ഇതിനൊക്കെ കാരണകാരായിട്ടുള്ളവർ വീട്ടിലേക്ക് വരരുതെന്നും കുടുംബം വ്യക്തമാക്കി.
എഐഎസ്എഫിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ പി രാജു സിപിഐയുടെ സംസ്ഥാന കൗൺസിൽ വരെയെത്തി.1991 ലും 1996 ലും പറവൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയം. അവസാനകാലത്ത് സിപിഐയിലെ വിഭാഗീയത പാർട്ടിയിൽ നിന്ന് പി രാജുവിനെ അകറ്റി നിർത്തി. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിന് വിരുദ്ധമായി ലേഖനമെഴുതിയതിന് സംസ്ഥാന കൗൺസിൽ അംഗമായിരുന്ന പി രാജുവിനെ ജില്ലാ കൗൺസിലിലേക്ക് തരം താഴ്ത്തി. തൊട്ടു പിന്നാലെ അടുത്ത വിവാദം. പാർട്ടിയുടെ പേരിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കഴിഞ്ഞ സമ്മേളനം പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി. പാർട്ടിയിലേക്ക് തിരികെ വരാനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണ് 73ാം വയസിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെ മരണം.
അതേസമയം, ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചത് രാജുവിന് ആഘാതം ഉണ്ടാക്കിയെന്ന് മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ ഫേസ്ബുക്കിൽ കുറിച്ചു. ദീർഘനാളത്തെ പ്രവർത്തനത്തിലൂടെ നടത്തിയ സൽപേര് കളങ്കപ്പെടുത്താൻ ചിലർ ശ്രമിച്ചുവെന്നും കെ ഇ ഇസ്മയിൽ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
പ്രിയ സഖാവിനു വിട…
50 കൊല്ലക്കാലത്തെ ആത്മബന്ധമാണ് സ:രാജുവിൻ്റെ വേർപാടിലൂടെ ഇല്ലാതാവുന്നത്…
1980 ൽ രാജുവടക്കം ഞങ്ങളുടെ മോസ്കോ യാത്രയിലാണ് ഞങ്ങളുടെ സുഹൃദ് ബന്ധം കൂടുതൽ ദൃഢമാവുന്നത്. 6 മാസം ഞങ്ങളൊന്നിച്ചാണ് ഒരു മുറിയിൽ താമസിച്ചിരുന്നത്. കൃഷ്ണൻ കണിയാൻ പറമ്പിലും, കാന്തലോട്ട് കുഞ്ഞമ്പുവും അടക്കം കുറെ സഖാക്കൾ ഒന്നിച്ചാണ്. തിരിച്ചു വന്നതിനു ശേഷവും രാജു MLA ആയി DC സെക്രട്ടറിയായി AITUC യുടെ സംസ്ഥാന നേതാവായി വളരുകയായിരുന്നു
ഞാനും MLA യും മന്ത്രിയും MP യും സംസ്ഥാന പാർട്ടി അസി: സെക്രട്ടറിയുമൊക്കെയായി ഞങ്ങളുടെ ബന്ധവും വളരുകയായിരുന്നു.
സഖാവിന് അസുഖമാണെന്നറിഞ്ഞപ്പോൾ വിദേശത്തു കൊണ്ടുപോയി ചികിത്സിക്കാൻ സ: CN ചന്ദ്രനും ഞാനും സൻജിത്തും സുഗതനം മറ്റു സഖാക്കളുമായാലോചിച്ചു സാമ്പത്തിക സ്ഥിതിയിൽ ആവശ്യമാണെങ്കിൽ സഹായിക്കണമെന്ന് CM നെക്കണ്ട സംസാരിച്ചു ചെന്നെയിലെ Dr. ആയി ബന്ധപ്പെടുത്തി. സുഖമായി വന്നതാണ്പ്രവർത്തനത്തിൽ സജീവമായി വരുകയായിരുന്നു.
ഇല്ലാത്ത ചില പ്രശ്നങ്ങളുടെ പേരിൽ സഖാവിനെ വ്യക്തിഹത്യ നടത്തുകയും ദീർഘകാലത്തെ പ്രവർത്തനത്തിലൂടെ നേടിയ സൽപേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത് സഖാവിന് ഏറ്റ വലിയ ആഘാതമായിരുന്നു. ഇത്ര പെട്ടന്ന് നമ്മെയെല്ലാം വിട്ടുപോകുമെന്ന് കരുതിയില്ല. അതിയായ ദുഃഖം അടങ്ങാത്ത ദുഃഖം രേഖപ്പെടുത്തുന്നു…
ലാൽ സലാം…
Story Highlights : P Raju’s family against the CPI leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here