സിപിഐ നേതാവ് പി.രാജുവിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ബിനോയ് വിശ്വം അന്തിമോപചാരം അർപ്പിക്കാനെത്തും

അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന്റെ മൃതദേഹം ഇന്ന് പറവൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ പൊതുദർശനത്തിന് ശേഷമാകും മൃതദേഹം വീട്ടിലേക്ക് എത്തിക്കുക. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അന്തിമോപചാരം അർപ്പിക്കാനെത്തും. കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് പാർട്ടി ഓഫീസിലെ പൊതുദർശനം ഒഴിവാക്കിയിരുന്നു. പാർട്ടി, പി രാജുവിനോട് നീതി കാണിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വിവാദങ്ങളോട് നിലവിൽ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
പി രാജു മരിക്കാൻ കാരണകാരായിട്ടുള്ളവർ ഒരു കൊടിയും പൊക്കിപ്പിടിച്ച് വരണ്ട. ജില്ലാ നേത്യത്വം തഴഞ്ഞ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ ആളുകളുടെ പിന്നാലെ എന്തിനാണ് നടക്കുന്നത്. അതിൽ വേറെ ഉദ്ദേശമുണ്ട്. ചില ആളുകളൊക്കെ ആശുപത്രിയിൽ വന്നു കണ്ടു. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന അദ്ദേഹത്തിന്റെ ബോധം പോയെന്നറിഞ്ഞിട്ടും കണ്ടു സംസാരിക്കണം എന്ന് പറഞ്ഞ ആളുകൾ വരെ പാർട്ടിയിലുണ്ടെന്ന് കുടുംബം പറഞ്ഞു. വ്യക്തിപരമായി പാർട്ടിയോടോ വ്യക്തികളോടോ ശത്രുതയില്ല, പക്ഷെ ഇതിനൊക്കെ കാരണകാരായിട്ടുള്ളവർ വീട്ടിലേക്ക് വരരുതെന്നും കുടുംബം വ്യക്തമാക്കി.
പി രാജുവിനെതിരായ ആരോപണങ്ങൾ തെറ്റെന്ന് പാർട്ടി കൺട്രോൾ കമ്മീഷൻ കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാർട്ടി നേതൃത്വത്തിലേക്ക് തിരിച്ചുവരാനുള്ള അവസരത്തിന് പാർട്ടിയിലെ ഒരു വിഭാഗം തടസ്സം സൃഷ്ടിച്ചെന്നും കുടുംബം പറയുന്നു. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ രാജുവിനെ വ്യക്തിഹത്യ നടത്താൻ ശ്രമിച്ചത് രാജുവിന് ആഘാതം ഉണ്ടാക്കിയെന്ന് മുതിർന്ന നേതാവ് കെ ഇ ഇസ്മയിലും ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights : CPI leader P. Raju’s funeral today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here