ഫോമിലുള്ള സൽമാൻ നിസാർ പുറത്ത്, ലീഡിനായി കേരളം പൊരുതുന്നു; ശേഷിക്കുന്നത് 5 വിക്കറ്റുകൾ

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ കേരളം പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിനായി പിരിയുമ്പോൾ കേരളം 219ന് അഞ്ച് എന്ന നിലയിലാണ്. ഫോമിലുള്ള സൽമാൻ നിസാർ 21 റൺസുമായി പുറത്തായതിന് പിന്നാലെയാണ് മത്സരം ലഞ്ചിനായി പിരിഞ്ഞത്.
52 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബി ക്രീസിലുണ്ട്. അഞ്ചുവിക്കറ്റുകൾ ശേഷിക്കേ ഒന്നാം ഇന്നിങ്സിൽ കേരളം 160 റൺസിന് പിന്നിലാണ്. ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, ഏദൻ ആപ്പിൾ ടോം, എംഡി നിഥീഷ്, എൻ.ബാസിൽ എന്നിവരാണ് ഇനി ബാറ്റ് ചെയ്യാനുള്ളത്. വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 379 റൺസ് മറികടക്കുക എന്ന വലിയ ലക്ഷ്യമാണ് കേരളത്തിന് മുന്നിലുള്ളത്.
131ന് മൂന്ന് എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ കേരളം വലിയ ചെറുത്തുനിൽപ്പാണ് നടത്തിയത്. ആദിത്യ സർവതെ- സച്ചിൻ ബേബി കൂട്ടുകെട്ട് 170 റൺസ് വരെ നീണ്ടു. ഒടുവിൽ ഹർഷ് ദുബെയുടെ പന്തിൽ ദാനിഷ് മലേവാറിന് പിടികൊടുത്ത് 79 റൺസുമായി സർവതെ മടങ്ങി.
പിന്നീട് ക്രീസിലുറച്ച സചിൻ ബേബിക്കൊപ്പം സൽമാൻ നിസാർ ഒത്തുചേർന്നതോടെ സ്കോർ ബോർഡ് അനങ്ങി. പക്ഷേ ഹർഷ് ദുബെയുടെ പന്തിൽ സൽമാൻ വിക്കറ്റിന് മുന്നിൽ കുടുങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ഇനി ശേഷിക്കുന്നത് അഞ്ച് വിക്കറ്റുകൾ മാത്രം.
Story Highlights : Ranji Trophy Final Kerala Live Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here