Advertisement

അനിമേഷൻ അതികായൻ ടെക്നികളർ പൊടുന്നനെ അടച്ചുപൂട്ടി, മലയാളികൾ ഉൾപ്പടെ 3000 പേർക്ക് തൊഴിൽ നഷ്ടം

February 28, 2025
Google News 2 minutes Read
TECHNICOLOR

വിഷ്വൽ ഇഫക്ട്സ് രംഗത്തെ അതികായൻ ടെക്നികളർ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്. ഇതോടെ മലയാളികൾ ഉൾപ്പടെ 3,200-ലധികം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു. [Technicolor shuts in India]

ടെക്നികളർ ഗ്രൂപ്പ് സാമ്പത്തികമായി വലിയ തകർച്ചയുടെ വക്കിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതുടർന്ന് ടെക്നികളർ ഡയറക്ടർമാർ കമ്പനി വിൽക്കാൻ ശ്രമിച്ചെങ്കിലും ഇത് ആരും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. സാമ്പത്തിക ദുർവിനിയോഗം, അമിതമായ ചെലവ്, പണമൊഴുക്ക് എന്നിവയാണ് ടെക്നികളർ വിഎഫ്എക്സ് ആനിമേഷൻ സ്റ്റുഡിയോകൾ പെട്ടെന്ന് അടച്ചുപൂട്ടാൻ കാരണമായത്.

ഫെബ്രുവരി മാസത്തിലെ ശമ്പളം പോലും നൽകാതെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടതെന്ന് ആരോപണമുണ്ട്. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഇന്ത്യൻ മേധാവി ബിരേൻ ഘോഷ് മുമ്പ് സമ്മതിച്ചിരുന്നു. എന്നാൽ കമ്പനിയുടെ ആസ്ഥാനത്തുനിന്ന് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ശമ്പളം മുടങ്ങിയതും ജോലി പോയതും ജീവനക്കാരെ ഏറെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. കമ്പനിയുടെ ഓൺലൈൻ യോഗത്തിൽ സാമ്പത്തിക പ്രതിസന്ധി സമ്മതിച്ച ബിരേൻ ഘോഷ്, കമ്പനി ആസ്ഥാനത്തുനിന്ന് ഫണ്ട് ലഭിച്ചില്ലെന്നും വ്യക്തമാക്കിയിരുന്നു. ജീവനക്കാരോട് ശമ്പളം നൽകുന്ന കാര്യം എച്ച്ആർ വിഭാഗം പരിഗണിക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും എന്ന് നൽകുമെന്ന് വ്യക്തമാക്കിയിരുന്നില്ല.

Read Also: രഹസ്യവിവരങ്ങൾ ചോർത്തിയ 20 ജീവനക്കാർ പുറത്ത്; മെറ്റയിൽ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്

ടെക്നികളറിന്റെ ഇന്ത്യൻ ഡിവിഷൻ ആഗോള ഡെലിവറി കേന്ദ്രമായി പ്രവർത്തിക്കുകയാണെന്നും, കമ്പനി ആസ്ഥാനത്തുനിന്ന് ഫണ്ട് ലഭിച്ചില്ലെങ്കിൽ ശമ്പളമോ മറ്റ് കുടിശ്ശികകളോ നൽകാൻ കഴിയില്ലെന്നും ബിരേൻ ഘോഷ് ജീവനക്കാരോട് പറഞ്ഞു. എന്നാൽ ഓഫീസുകൾ പ്രവർത്തിക്കുന്നില്ലെന്നും, എല്ലാ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 3,200 പേർക്ക് കമ്പനി ജോലി നൽകി, ബെംഗളൂരുവിൽ മാത്രം 3,000-ത്തോളം പേരാണ് ഉണ്ടായിരുന്നത്. ആഗോളതലത്തിൽ, ഫ്രാൻസ്, യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലായി 10,000-ത്തിലധികം പേർക്ക് കമ്പനി ജോലി നൽകുന്നുണ്ട്.

ടെക്നികളർ ക്രിയേറ്റീവ് സ്റ്റുഡിയോസും ഉപസ്ഥാപനങ്ങളായ എംപിസി, ദ മിൽ, മൈക്രോസ് ആനിമേഷൻ എന്നിവ അടച്ചുപൂട്ടുന്നതോടെ ഹോളിവുഡിലും ബോളിവുഡിലും ഗെയിമിംഗ് വ്യവസായത്തിലും ഉത്പാദനം വൈകും. ഇതോടെ ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യും.

ഡ്രീംവർക്ക്സ് പിക്ചേഴ്സ്, യൂണിവേഴ്സൽ പിക്ചേഴ്സ്, പാരാമൗണ്ട് പിക്ചേഴ്സ്, വാർണർ ബ്രദേഴ്സ് തുടങ്ങിയ നിരവധി ശ്രദ്ധേയമായ ഹോളിവുഡ് സ്റ്റുഡിയോകളുമായി ടെക്നികളർ പ്രവർത്തിച്ചിട്ടുണ്ട്. പുസ് ഇൻ ബൂട്ട്സ്, മഡഗാസ്കർ 3, കുങ് ഫു പാണ്ട പരമ്പര എന്നിവ ടെക്നികളർ വിഷ്വൽ ഇഫക്ട്സ് ചെയ്ത സിനിമകളിൽ ഉൾപ്പെടുന്നു.

Story Highlights : Technicolor shuts India operations; over 3,000 staff lose jobs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here