‘പഠിച്ച് ജോലി നേടണം എന്ന് ആഗ്രഹിച്ചിരുന്ന കുഞ്ഞായിരുന്നു; കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാക്കിയത് ‘ ; മുഹമ്മദ് ഷഹബാസിന്റെ പിതാവ്

മകന്റെ വേര്‍പാട് താങ്ങാനാകാതെ കോഴിക്കോട് താമരശ്ശേരിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച പത്താം ക്ലാസുകാരന്‍ മുഹമ്മദ് ഷഹബാസിന്റെ കുടുംബം. കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതാക്കിയതെന്ന് ഷഹബാസിന്റെ പിതാവ് മുഹമ്മദ് ഇക്ബാല്‍ കരഞ്ഞു പറയുന്നു. പ്രതികളായ വിദ്യാര്‍ഥികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇനിയൊരു കുടുംബത്തിനും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും മുഹമ്മദ് ഇക്ബാല്‍ ട്വന്റിഫോറിനോട് പറഞ്ഞു
പഠിക്കാനും പഠിച്ച് ജോലി നേടണം എന്ന് ആഗ്രഹിച്ചിരുന്ന കുഞ്ഞായിരുന്നു. ഉത്സാഹത്തോടെ വീട്ടിലിരുന്നു പഠിച്ചുകൊണ്ടിരുന്ന മകനാണ്. വീട്ടില്‍ നിന്ന് വിളിച്ച് കൂട്ടിക്കൊണ്ടുപോയാണ് ഈ കൊലപാതകം നടന്നത്. ഇതിന്റെ പിന്നില്‍ ആരൊക്കെയുണ്ടോ അവര്‍ക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കണം. പ്രതികളായ അഞ്ചു പേരും അറിയുന്നവരാണ്. ഇതിനു മുന്‍പ് മകനുമായി ഒരു വാക്കേറ്റമോ ഒന്നും ഉണ്ടായിട്ടില്ല. ഇത് ആവേശത്തിന്‌റെ പുറത്ത് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു – അദ്ദേഹം വ്യക്തമാക്കി.
Read Also: ഷഹബാസിന്റെ കൊലപാതകം: കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ പൊലീസ്
വീട്ടില്‍ നിന്ന് കൊണ്ടു പോകുമ്പോള്‍ ഷഹബാസ് ഒരക്ഷരം പോലും സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അറിഞ്ഞപ്പോഴേക്കും വൈകിപ്പോയെന്നും അദ്ദേഹം പറയുന്നു. പ്രതികളെല്ലാം സ്വാധീനമുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവര്‍ക്കൊക്കെ പണമുണ്ട്. സ്വാധീനം ചെലുത്താന്‍ കഴിയും. ഞങ്ങള്‍ ദുര്‍ബലരാണ്. ഇങ്ങനെ സംഭവിക്കുന്ന സമയത്ത് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയില്‍ ആളുകള്‍ ഒരുപാടുണ്ട്. അതുകൊണ്ട് സമൂഹവും ഗവണ്‍മെന്റും നീതിപീഡവും അത് നീതിപീഠവും പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. ഇത് ഇനി ആവര്‍ത്തിക്കാന്‍ പാടില്ല – അദ്ദേഹം വ്യക്തമാക്കി.
കുട്ടിക്ക് നീതി ലഭിക്കണമെന്ന് മുഹമ്മദ് ഷഹബാസിന്റെ അമ്മാവന്‍ സൈനുദ്ദീനും ട്വന്റിഫോറിനോട് പറഞ്ഞു. അതുവരെ നിയമ പോരാട്ടം തുടരുമെന്നും പൊലീസ് കൃത്യമായി അന്വേഷണം നടത്തണമെന്നും വീഴ്ച ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികള്‍ക്ക് കൃത്യമായ ശിക്ഷ ലഭിക്കണം. ഇല്ലെങ്കില്‍ വീണ്ടും കുറ്റം ആവര്‍ത്തിക്കും – അദ്ദേഹം പറഞ്ഞു.
അതേസമയം, മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ നാളെ പൊലീസ് സുരക്ഷയില്‍ SSLC പരീക്ഷ എഴുതും. കേസില്‍ രണ്ട് പ്രതികളുടെ രക്ഷിതാക്കളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നാല് സ്ഥലങ്ങളിലെ CCTV ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.
Story Highlights : Muhammed Shahbaz’s father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here