Advertisement

സെബി മുൻ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു; നടപടി സ്റ്റോക് മാർക്കറ്റ് ക്രമക്കേടിൽ

March 2, 2025
2 minutes Read
central agencies probe in Hindenburg allegation against Madhabi puri buch

സെബി മുൻ ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈയിലെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പ്രത്യേക കോടതി നിർദ്ദേശം നൽകി. ഓഹരി വിപണിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മാധബി പുരി ബുച്ചിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീതിയുക്തവും നിഷ്‌പക്ഷവുമായ അന്വേഷണം വേണമെന്ന് അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതി ജഡ്ജ് ശശികാന്ത് ഏകനാഥറാവു ബംഗാർ ഉത്തരവിട്ടു.

സെബിയുടെ മുഴുവൻ സമയ അംഗങ്ങളായ അശ്വനി ഭാട്ടിയ, അനന്ത് നാരായൺ, കമലേഷ് ചന്ദ്ര വർഷ്‌ണി, ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്‌ഇ) സിഇഒ സുന്ദരരാമൻ രാമമൂർത്തി, മുൻ ചെയർമാനും പൊതുതാൽപ്പര്യ ഡയറക്ടറുമായ പ്രമോദ് അഗർവാൾ എന്നിവർക്കെതിരെ കേസെടുക്കാനാണ് കോടതി നിർദ്ദേശം നൽകിയത്. കാൾസ് റിഫൈനറീസ് സ്റ്റോക്ക് എക്സ്ചേഞ്ച് ലിസ്റ്റിംഗിൽ വൻ സാമ്പത്തിക തട്ടിപ്പും അഴിമതിയും ആരോപിച്ച് താനെയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകൻ സപൻ ശ്രീവാസ്തവ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കമ്പനിയുടെ ലിസ്റ്റിംഗ് അനുവദിച്ചുകൊണ്ട് കോർപ്പറേറ്റ് തട്ടിപ്പിന് മാധബിയടക്കം അഞ്ച് പേരും വഴിയൊരുക്കിയെന്നാണ് കേസിലെ പ്രധാന ആരോപണം.

അടുത്ത 30 ദിവസത്തിനുള്ളിൽ കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട കോടതി അന്വേഷണം നിരീക്ഷിക്കുമെന്നും പറഞ്ഞിട്ടുണ്ട്. നീതിനിർവഹണ ഏജൻസികളുടെയും സെബിയുടെയും നിഷ്‌ക്രിയത്വമാണ് കോടതി ഇടപെടലിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും വിധിയിൽ ജഡ്ജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരവധി തവണ പോലീസ് സ്റ്റേഷനുകളിലും സെബിയെയും സമീപിച്ചിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാരൻ കോടതിയോട് പറഞ്ഞു.

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പുമായി മാധബി പുരി ബുച്ചിന് ആരോപണം ഉണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ രാജ്യത്തിനകത്തും വലിയ തോതിൽ ചർച്ചയായ വിഷയത്തിൽ മാധബിക്കെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസം ഫെബ്രുവരി 28 ന്, അവർ സെബി ചെയർപേഴ്സൺ സ്ഥാനമൊഴിയുകയും ചെയ്തു. ആരോപണം ഉയർത്തിയ ഹിൻഡൻബർഗ് റിസർച്ച് തങ്ങളുടെ സ്ഥാപനം അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച ആശ്വാസത്തിലാണ് മാധബി പുരി ബുച്ച് പടിയിറങ്ങിയത്.

Story Highlights: Mumbai court orders FIR against former Sebi chief Madhabi Puri Buch

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top