പൃഥ്വിരാജ് ഇനി രാജമൗലി ചിത്രത്തിൽ ; മല്ലിക സുകുമാരൻ

അടുത്തിടെ പ്രിത്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഏറെ നാളുകൾക്ക് ശേഷം തന്റെ താടിയെടുത്ത് പുത്തൻ ലുക്കിൽ എത്തിയ താരത്തിന്റെ പോസ്റ്റിലെ ക്യാപ്‌ഷൻ ആണ് ഏറെ ചർച്ചയായത്. “സംവിധാന സംരംഭം പൂർത്തിയാക്കി എല്ലാ കാര്യങ്ങളും കൈമാറി. അടുത്തതായി അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി പുത്തൻ ലുക്കിലെത്തുന്നു, ആ ചിത്രത്തിൽ മാതൃഭാഷയിലല്ലാത്ത നീണ്ട സംഭാഷണങ്ങൾ പറയേണമെന്നോർത്ത്, പരിഭ്രാന്തനാകുന്നു” എന്നായിരുന്നു ഇംഗ്ലീഷിൽ താരം കുറിച്ചത്.
ഉടൻ പ്രിത്വിരാജിന്റെ ഇംഗ്ലീഷിനെ വിഷയമാക്കിയും താരം അടുത്തതായി അഭിനയിക്കുന്ന ചിത്രമേതെന്ന സംശയങ്ങളുമൊക്കെയായി കമന്റ് ബോക്സ് നിറഞ്ഞു. പ്രിത്വിരാജ് താടിയെടുത്തത് വീണ്ടും പോലീസ് വേഷമണിയാനായിട്ടാണോ എന്നും സലാർ 2 ആണോ ആ അന്യഭാഷാ ചിത്രമെന്നുമൊക്കെ ചോദ്യങ്ങൾ ഉയർന്നു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ദായ്‌റ എന്ന ചിത്രത്തിൽ കരീന കപൂറിനൊപ്പം പ്രിത്വിരാജും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നതിനാൽ പ്രിത്വിരാജ് സൂചിപ്പിച്ചത് ആ ബോളിവുഡ് ചിത്രമാണ് എന്നും ചിലർ അഭിപ്രായപ്പെട്ടു.
ഒടുവിൽ മറുപടിയുമായി നടന്റെ ‘അമ്മ മല്ലിക സുകുമാരൻ തന്നെ എത്തി. പ്രിത്വി പോസ്റ്റ് ചെയ്ത ചിത്രത്തിലെ ലുക്ക് ‘AI ആണ് ആരും മൈൻഡ് ചെയ്യണ്ട’ എന്ന് കമന്റ് ഇട്ട ഒരാൾക്ക്, ‘അല്ല, അടുത്തത് രാജമൗലി ചിത്രം, അവൻ ഇന്ന് രാത്രി തന്നെ തിരിക്കും, താങ്കളും തുടങ്ങിയോ കാര്യങ്ങൾ അന്വേഷിക്കാതെയുള്ള തർക്കം? എന്നോട് ചോദിച്ചു കൂടെ?’ എന്നാണ് മല്ലിക സുകുമാരൻ മറുപടി കൊടുത്തത്.
ഇതോടെ രാജമൗലി മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രിത്വിരാജിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള റൂമറുകൾക്കും സംശയങ്ങൾക്കും അന്ത്യമായി. പ്രിത്വിരാജ് രാജമൗലിയുടെ ബിഗ് ബഡ്ജറ്റ് ആക്ഷൻ അഡ്വെഞ്ചർ ചിത്രത്തിൽ വില്ലനാകുന്നു എന്ന് റിപ്പോർട്ടുകൾ വന്നു എങ്കിലും, ചിത്രത്തിൽ നിന്ന് താരം ഒഴിവായി പകരം ജോൺ അബ്രഹാം ആ വേഷം ചെയ്യുമെന്ന് വാർത്ത വന്നിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ അമ്മ തന്നെ വാർത്ത സ്ഥിരീകരിച്ചത് ആരാധകർ ചർച്ചയാക്കുകയായിരുന്നു.
1000 കോടിയോളം രൂപ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രത്തിൽ മഹേഷ് ബാബുവിനും പ്രിത്വിരാജിനും ഒപ്പം പ്രിയങ്ക ചോപ്രയും, ജോൺ ഏബ്രഹാമും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. നിലവിൽ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആദ്യത്തോടെ ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights :Prithviraj will act in Rajamouly-Mahesh Babu movie ; Mallika Sukumaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here