ഉത്തരാഖണ്ഡിൽ റോപ് വേ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഗോവിന്ദ്ഘട്ടിൽ നിന്ന് ഉത്തരാഖണ്ഡിലെ ഹേമകുണ്ഡ് സാഹിബ് ജി വരെയുള്ള റോപ് വേ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. 12.4 കിലോമീറ്റർ ആണ് റോപ് വേയുടെ ദൈർഘ്യം. 2,730.13 കോടി രൂപ ചെലവിലാകും പദ്ധതിയുടെ നിർമ്മാണം. ദേശീയ റോപ്‌വേ വികസന പരിപാടിയായ പർവ്വതമാല പരിയോജനയുടെ ഭാഗമായാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ 15,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് ഹേമകുണ്ഡ് സാഹിബ് ജി. ഈ ക്ഷേത്രം മെയ് മുതൽ സെപ്റ്റംബർ വരെ വർഷത്തിൽ അഞ്ച് മാസം മാത്രമാണ് തുറക്കുക. അതുകൊണ്ടുതന്നെ പ്രതിവർഷം 1.5 മുതൽ 2 ലക്ഷം വരെ തീർത്ഥാടകരാണ് ഇവിടം സന്ദർശിക്കാറുള്ളത്.
നിലവിൽ, ഗോവിന്ദ്ഘട്ടിൽ നിന്ന് ഹേമകുണ്ഡ് സാഹിബ് ജിയിലേക്കുള്ള യാത്ര ഏകദേശം 21 കിലോമീറ്ററോളം വരും. മാത്രമല്ല കയറ്റം നിറഞ്ഞ പ്രദേശമായതിനാൽ കാൽനടയാത്ര സാധ്യമല്ല. അതുകൊണ്ടുതന്നെ കുതിരകളെയോ പല്ലക്കുകളോ ഉപയോഗിച്ചാണ് ഇങ്ങോട്ടുള്ള യാത്ര പ്രവർത്തികമാക്കിയിരുന്നത്. എന്നാൽ റോപ് വേ വരുന്നതോടെ ഈ പ്രശ്‌നങ്ങൾക്കെല്ലാം ശാശ്വത പരിഹാരമാണ് ഉണ്ടാകുക.
Read Also: നിയമസഭ കാർപെറ്റിൽ ഗുഡ്ക ചവച്ചു തുപ്പി; ഉത്തർ പ്രദേശിൽ MLA ക്ക് പിഴ ഈടാക്കി സ്പീക്കർ
ഹേമകുണ്ഡ് സാഹിബ് ജി സന്ദർശിക്കുന്ന തീർത്ഥാടകർക്കും പൂക്കളുടെ താഴ്‌വര സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കും അവരുടെ യാത്രകൾ സൗകര്യപ്രദമാകുന്നതിനാണ് നിർദ്ദിഷ്ട റോപ് വേ പദ്ധതിയിട്ടിരിക്കുന്നത്, കൂടാതെ ഗോവിന്ദ്ഘട്ടിനും ഹേമകുണ്ഡ് സാഹിബ് ജിക്കും ഇടയിലുള്ള അവസാന മൈൽ കണക്റ്റിവിറ്റി എല്ലാ കാലാവസ്ഥയിലും ഉറപ്പാക്കും.
ഗോവിന്ദ്ഘട്ട് മുതൽ ഗംഗാരിയ വരെയുള്ള (10.55 കിലോമീറ്റർ) മോണോകേബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (എംഡിജി) അടിസ്ഥാനമാക്കിയാണ് റോപ്പ്‌വേ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഗംഗാരിയ മുതൽ ഹേമകുണ്ഡ് സാഹിബ് ജി വരെയുള്ള (1.85 കിലോമീറ്റർ) ഏറ്റവും നൂതനമായ ട്രൈക്കബിൾ ഡിറ്റാച്ചബിൾ ഗൊണ്ടോള (3എസ്) സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചിരിക്കുന്നു. ഈ റോപ്‌വേ പ്രതിദിനം 11,000 ത്തോളം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ്.
Story Highlights : Cabinet approves ropeway project for Hemkund Sahib in Uttarakhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here