നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ഇൻസ്റ്റഗ്രാം വഴി കൊലവിളി; ഷഹബാസിൻ്റെ കൊലപാതകം ആസൂത്രിതം

താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിൻ്റെ കൊലപാതകം ആസൂത്രിതം. നിർണായക തെളിവുകൾ ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ നിന്നും പൊലീസിന് ലഭിച്ചു. ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊല്ലുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഷഹബാസിൻ്റെ സുഹൃത്തുകളും പ്രതികളായ വിദ്യാർഥികളും മുൻപും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചിരുന്നു. നഞ്ചക് ഉപയോഗിച്ച് മർദ്ദിക്കുമെന്നും പ്രതികൾ ഭീഷണി ഉണ്ടായി. പ്രതികൾ ഇൻസ്റ്റഗ്രാം വഴിയാണ് കൊലവിളി നടത്തിയത്.
ഷഹബാസിന്‍റെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥികളായ അഞ്ച് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
Read Also: വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ കൊലപാതക പരമ്പര നടത്തിയത് മാതാവ് മരിച്ചെന്ന് കരുതി
ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷൻ സെന്ററിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റിൽ എം ജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ ഡാൻസ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നിൽക്കുകയും ചെയ്തു. ഇതേതുടർന്ന് താമരശ്ശേരി ഗവൺമെന്റ് സ്‌കൂളിലെ വിദ്യാർഥികൾ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. അധ്യാപകർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെ ഷഹബാസ് മരിച്ചു. പിന്നീട് പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിദ്യാർഥികളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങൾ ഉപയോഗിച്ചുള്ള അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.
Story Highlights : Thamarassery Muhammad Shahbaz’s murder was planned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here