‘2001ലെ ഇലക്ഷൻ റിസൾട്ട് 2026 ആവർത്തിക്കും, പി.ആർ വർക്ക് കൊണ്ട് അധികാരത്തിൽ എത്താമെന്ന് പിണറായി കരുതേണ്ട’: കെ മുരളീധരൻ

പി.ആർ വർക്ക് കൊണ്ട് അധികാരത്തിൽ എത്താമെന്ന് പിണറായി കരുതേണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സെക്രട്ടറിയറ്റിന് മുന്നിലെ സമരങ്ങൾ സർക്കാരിനെതിരായ ജനവികാരത്തിൻ്റെ തെളിവാണ്. മൂന്നാമതും അധികാരത്തിൽ എത്തുമെന്ന് പറയാൻ അസാമാന്യ തൊലിക്കട്ടി വേണം.
2001ലെ ഇലക്ഷൻ റിസൾട്ട് 2026 ആവർത്തിക്കും. സർക്കാരിന് ഡ്രഗ്ഗ് മാഫിയയെ നിയന്ത്രിക്കാൻ ആകുന്നില്ല. ചെറുപ്പക്കാരെ മദ്യത്തിനും മയക്കുമരുന്നിനും കഞ്ചാവനും വിട്ടുകൊടുക്കുകയാണ് സർക്കാർ. ഇത്തരമൊരു സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാൻ ജനം അനുവദിക്കില്ല. പിആർ വർക്ക് കൊണ്ട് രക്ഷപ്പെടാൻ ആകില്ലെന്ന് പിണറായിക്ക് വൈകാതെ മനസ്സിലാകുമെന്നും മുരളീധരൻ വിമർശിച്ചു.
സ്റ്റാർട്ടപ്പ് അംഗീകാരങ്ങൾ കാശിറക്കി നടത്തുന്ന പിആർ വർക്കാണ്. സത്യവുമായി യാതൊരു ബന്ധവുമില്ല. സ്റ്റാർട്ടപ്പിന് സഹായിച്ചത് ശിവശങ്കർ എന്ന് മുഖ്യമന്ത്രി പറയുന്നു. സ്വർണ്ണ കടത്തിലെ മുഖ്യമന്ത്രിയുടെ പങ്കാണ് ഇതിലൂടെ ബലപ്പെടുന്നത്. കോടതിക്ക് മുന്നിൽ കുറ്റക്കാരനായ വ്യക്തിയെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ചു.
സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും കൈയുണ്ടെന്ന പ്രതിപക്ഷ ആരോപണം ഇതോടെ ശരിയായി. തൊഴിലാളി വർഗ്ഗത്തിന് പകരം മുതലാളിത്തത്തിനെ പുൽകുന്ന സർക്കാറായി പിണറായി മാറി. മുഖ്യമന്ത്രി കോൺഗ്രസിനെ മതേതരത്വവും ജനാധിപത്യവും പഠിപ്പിക്കേണ്ട. മോദി സർക്കാർ ഫാസിസ്റ്റ് അല്ല എന്ന് പറഞ്ഞ ഏക സർക്കാരാണ് പിണറായി സർക്കാർ.
യുഡിഎഫിന് ഭയാശങ്കകൾ ഇല്ല. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് നേരിടും. കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ പാർട്ടി രേഖയ്ക്കാണ് മുൻഗണന നൽകുക. നടക്കാത്ത സ്വപ്നങ്ങളുടെ റിപ്പോർട്ട് ഉണ്ടാക്കി മുഖ്യമന്ത്രിയെക്കൊണ്ട് വായിപ്പിക്കും.
പാർട്ടി സെക്രട്ടറിയെ നോക്കുകുത്തിയാക്കി ക്യാപ്റ്റൻ എന്ന് സ്വയം വിശേഷിപ്പിച്ച പിണറായി, സമ്മേളനത്തെ കൈക്കലാക്കി. കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും നാണംകെട്ട നടപടിയാണിതെന്നും മുരളീധരൻ വിമർശിച്ചു.
Story Highlights : K Muraleedharan criticize pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here