ഷഹബാസ് കൊലപാതകം; മെസ്സേജുകൾ പലതും ഡിലീറ്റ് ചെയ്ത് പ്രതികൾ; മെറ്റയിൽ നിന്നും വിവരങ്ങൾ തേടി പൊലീസ്

കോഴിക്കോട് താമരശ്ശേരിയിലെ ഷഹബാസ് കൊലപാതകത്തിൽ മെറ്റയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ അന്വേഷണസംഘം. ഇന്നലെ ഷഹബാസിന്റെ മൊബൈൽ ഫോൺ സൈബർ സെല്ലും പൊലീസും പരിശോധിച്ചിരുന്നു. പ്രതികൾ ഷഹബാസിന് അയച്ച പല മെസ്സേജുകളും ഡിലീറ്റ് ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ഇതോടെ കൂടുതൽ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭ്യമായേക്കും. മുതിർന്നവർക്ക് കേസിൽ നിലവിൽ പങ്കില്ല എന്ന നിഗമനത്തിലാണ് പൊലീസ്. മൊബൈൽ ഫോണിന്റെയും ലാപ്ടോപ്പിന്റെയും ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതോടെ അതിലും വ്യക്തത ഉണ്ടാകും. നിലവിൽ ആറ് പേരാണ് ജുവനൈൽ ഹോമിൽ ഉള്ളത്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരുകയാണ്.
Read Also: ഷഹബാസിൻ്റെ ആഗ്രഹം പൂർത്തിയാക്കാൻ പൂർവവിദ്യാർത്ഥികൾ; കുടുംബത്തിന് വീടുവെച്ച് നൽകും
ഹമ്മദ് ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് മുമ്പ് ഇൻസ്റ്റഗ്രാം വഴി പ്രതികൾ കൊലവിളി നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്നും പ്രതികളായ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിരുന്നു. വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അബദ്ധത്തിൽ അടിയേറ്റാണ് മുഹമ്മദ് ഷഹബാസ് മരിച്ചതെന്ന വാദം ഇനി നിലനിൽക്കില്ല.
മുഹമ്മദ് ഷഹബാസിൻ്റെ സുഹൃത്തുക്കളും പ്രതികളായ വിദ്യാർത്ഥികളും മുമ്പും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചു. ഇതിനിടയിലാണ് മുഹമ്മദ് ഷഹബാസിനെ നേരിട്ട് കണ്ടാൽ കൊലപ്പെടുത്തുമെന്നും നഞ്ചക്ക് ഉപയോഗിച്ച് മർദ്ദിക്കും എന്നും പ്രതികൾ കൊലവിളി നടത്തിയത്. പ്രതികളായ ആറ് വിദ്യാർഥികളും വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലാണ് ഉള്ളത്.
Story Highlights : Thamarassery Shahbaz murder Police seek information from Meta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here