Advertisement

‘കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് പിണറായി വിജയനെ പോലെ സംഘ്പരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍’ ; വി ഡി സതീശന്‍

March 6, 2025
2 minutes Read
vds

പ്രകാശ് കാരാട്ടിന്റെ പ്രസ്താവന തമാശയെന്നും സിപിഎമ്മിന്റെ അവസരമാവാദ നയരേഖ വായിക്കണമെന്ന കാരാട്ടിന്റെ നിര്‍ദ്ദേശം വിനയപൂര്‍വം നിരസിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് പിണറായി വിജയനെ പോലെ സംഘ്പരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബിജെപിക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന വലിയ തമാശയാണ്. എംവി ഗോവിന്ദനെ പോലെ പ്രകാശ് കാരാട്ടും തമാശ പറയരുത്. എന്റെ പേരെടുത്ത് പറഞ്ഞും കാരാട്ട് വിമര്‍ശിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ തീവ്ര വലതുപക്ഷ വ്യതിയാനമാണ് പലപ്പോഴായി ചൂണ്ടിക്കാട്ടിയത്. സിപിഎം നയരേഖ ഞാന്‍ വായിക്കണമെന്ന കാരാട്ടിന്റെ നിര്‍ദ്ദേശം വിനയപൂര്‍വം നിരസിക്കുന്നു. കാരണം അതൊരു അവസരവാദ രേഖയാണ്. ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന കാരാട്ടിനോടും അദ്ദേഹത്തിന് കുടപിടിച്ചു കൊടുക്കുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തോടും ഞങ്ങള്‍ക്ക് യോജിക്കാനാകില്ല – വി ഡി സതീശന്‍ വ്യക്തമാക്കി.

Read Also: ‘മോദി സർക്കാരിന് ബദൽ പിണറായി സർക്കാർ; RSS-BJP വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിന്റെ സർട്ടിഫിക്കറ്റ് അവശ്യമില്ല’; പ്രകാശ് കാരാട്ട്

മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെയ്യൂരിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് കാരാട്ടിന്റെ സമീപനമെന്നും മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്ന് കരട് രാഷ്ട്രീയ രേഖയില്‍ പറയുകയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പരസ്യമായി പറയുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കാലങ്ങളായി കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ഉണ്ടായിരുന്ന രഹസ്യബന്ധം പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു. രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസ് ആണെന്നിരിക്കെ കേരളത്തില്‍ വന്ന് പ്രകാശ് കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് പിണറായി വിജയനെ പോലെ സംഘ്പരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനാണെന്നും ബിജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്നു പരസ്യമായി പറഞ്ഞ് മോദിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ കോണ്‍ഗ്രസിനെ ഫാസിസ്റ്റ് വിരുദ്ധതയും ബിജെപിക്ക് എതിരായ പോരാട്ടവും പഠിപ്പിക്കേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സിപിഎം ഇനിയെങ്കിലും ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാസിസവുമായി കേരളത്തിലെ സിപിഎം എല്ലാ കാലത്തും സന്ധി ചെയ്തിട്ടുണ്ട്. 2021-ലെ തെരഞ്ഞെടുപ്പ് വിജയം പോലും സിപിഎം- ബിജെപി ധാരണയുടെ ഭാഗമായിരുന്നു. ആര്‍എസ്എസ് – സിപിഎം ബന്ധത്തെ കുറിച്ച് നിയമസഭയിലും പുറത്തും തെളിവ് സഹിതം ആരോപണം ഉന്നയിച്ചിട്ടും പിണറായി വിജയന്‍ ഒരക്ഷരം പോലും മറുപടി പറഞ്ഞിട്ടില്ല. ബിജെപിയുമായി സന്ധി ചെയ്ത പിണറായി വിജയനെ തിരുത്താന്‍ സിപിഎം നേതൃത്വവും തയാറായിട്ടില്ല. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പിണറായി വിജയന് മുന്നില്‍ കീഴടങ്ങിയത് ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്ന് ഒരിക്കല്‍ സിപിഎമ്മിന് ഏറ്റുപറയേണ്ടി വരും – അദ്ദേഹം വ്യക്തമാക്കി.

Story Highlights : V D Satheesan criticizes Prakash Karat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top