പരിശീലനത്തിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നു; പൈലറ്റ് ചാടി രക്ഷപ്പെട്ടു; ചാടുന്നതിന് മുന്‍പായി ജനവാസമേഖലയില്‍ നിന്ന് വിമാനത്തിന്റെ ദിശമാറ്റി

വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനം പരിശീലനത്തിനിടെ തകര്‍ന്ന് വീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ചാടി രക്ഷപ്പെട്ടു. ഹരിയാന-ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പഞ്ച്കുല ജില്ലയിലെ റായ്പൂര്‍ റാണിക്ക് സമീപമുള്ള ഒരു കുന്നിലാണ് വിമാനം തകര്‍ന്നത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. (IAF’s Jaguar fighter jet crashes in Haryana’s Panchkula)
അംബാല വ്യോമതാവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. പതിവ് പരിശീലന പറക്കലിന്റെ ഭാഗമായാണ് വിമാനം പഞ്ച്കുല ഭാഗത്തേക്ക് പോയത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്ന് വ്യോമസേന അറിയിച്ചു. വിമാനം തകര്‍ന്ന വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പാരച്യൂട്ടുമായി താഴേക്ക് ചാടിയ പൈലറ്റിനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചത്. പൈലറ്റിന് സാരമായ പരുക്കുകളില്ല.
രക്ഷപ്പെടുന്നതിന് തൊട്ടുമുന്‍പായി പൈലറ്റ് ജനവാസമേഖലകള്‍ ഒഴിവാക്കി വിമാനത്തെ വഴിതിരിച്ചുവിട്ടെന്നാണ് വ്യോമസേന അറിയിച്ചത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
Story Highlights : IAF’s Jaguar fighter jet crashes in Haryana’s Panchkula
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here