‘മതിൽ ചാടി അകത്ത് കയറിയത് വീട്ടുടമസ്ഥന്റെ മകൻ’, നായകളെ ഉപദ്രവിക്കണമെന്ന് പറയുന്നില്ല; പി വി ശ്രീനിജൻ MLA

എറണാകുളം കുന്നത്തുനാട് വെമ്പള്ളിയിൽ അനധികൃതമായി നായകളെ പാർപ്പിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി മതിൽ തകർത്തുവെന്ന ആരോപണം നിഷേധിച്ച് പിവി ശ്രീനിജൻ എംഎൽഎ. ജനപ്രതിനിധിയെന്ന നിലയിൽ താൻ അവിടെ എത്തിയിരുന്നുവെന്നും ഉടമസ്ഥന്റെ മകനാണ് മതിൽ ചാടി കയറി വീടിനകത്തേക്ക് പ്രവേശിച്ചതെന്നും എം എൽ എ വ്യക്തമാക്കി. ചെയ്യുന്നകാര്യങ്ങൾ നല്ലതാണെങ്കിൽ പൂർണമായും പിന്തുണ നൽകാൻ തയ്യാറാണ് എന്നാൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. സർക്കാർ നിർദേശിക്കുന്ന കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നായകളെ പാർപ്പിച്ചിരുന്ന ഷെൽട്ടർ ഹോം പ്രവർത്തിക്കേണ്ടതുണ്ട്. നായകളെ ഉപദ്രവിക്കണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുമാസം മുൻപാണ് റാന്നി സ്വദേശിയായ വീണാ ജനാർദനൻ കുന്നത്തുനാട് വെമ്പള്ളി സ്വദേശി ജോർജിന്റെ ഇരുനില വീട് 11 മാസത്തേക്ക് വാടകയ്ക്ക് എടുക്കുന്നത്. വീട്ടിൽ ഇപ്പോൾ 60 തെരുവുനായകളെയാണ് പാർപ്പിച്ചിരിക്കുന്നത്. ദുർഗന്ധവും നായ്ക്കളുടെ ഓരിയിടലും അസഹ്യമായപ്പോൾ നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. വീടിനുള്ളിലേക്ക് നാട്ടുകാരെയോ പൊലീസിനെയോ പഞ്ചായത്ത് അധികൃതരെയോ കടക്കുവാൻ മൃഗസ്നേഹികൾ എന്ന് അവകാശപ്പെടുന്ന വാടകക്കാർ അനുവദിച്ചില്ല. നായ്ക്കളെ വളർത്തുവാൻ നിയമപരമായി തങ്ങൾക്ക് അവകാശം ഉണ്ടെന്നാണ് ഇവരുടെ വാദം.
Read Also: മലപ്പുറത്ത് ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു
നിലവിൽ നായ്ക്കളെ അവിടെ നിന്നും മാറ്റുവാൻ ജില്ലാ ഭരണകൂടം നടപടി എടുത്തിട്ടുണ്ട്. എന്നാൽ നായ്ക്കളെ എവിടേക്ക് മാറ്റും എന്നതാണ് പ്രധാന വെല്ലുവിളി ഉയർത്തുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള തെരുവുനായ ഷെൽട്ടറുകളുടെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കോലഞ്ചേരി എബിസി ഷെൽറ്ററിലേക്ക് മാറ്റാം എന്ന തീരുമാനത്തിലെത്തിയാലും താൽക്കാലികമായി മാത്രമേ നായ്ക്കളെ അവിടെ പാർപ്പിക്കുവാൻ സാധിക്കുകയുള്ളൂ.
അതേസമയം, ജില്ലാ മൃഗസംരക്ഷണ ഓഫീസർ വെമ്പള്ളിയിലെ വീട് സന്ദർശിക്കും. മൂവാറ്റുപുഴ ആർഡി ഒയോട് ഐപിസി 133 പ്രകാരം കേസ് എടുക്കാൻ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഉടമയായ വീണ ജനാർദനന് നായ വളർത്തൽ കേന്ദ്രം തുടങ്ങാൻ ലൈസൻസ് ഇല്ല.
Story Highlights : P V Srinijin MLA Reation in illegal stray dog shelter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here