നേരത്തെ ബുക്ക് ചെയ്തിട്ടും എയർ ഇന്ത്യ വീൽ ചെയർ നൽകിയില്ല; ഡൽഹി വിമാനത്താവളത്തിൽ മുഖമടിച്ച് വീണ് വയോധികയ്ക്ക് ഗുരുതര പരുക്ക്

ഡൽഹി വിമാനത്താവളത്തിൽ വയോധികയ്ക്ക് വീൽ ചെയർ നിഷേധിച്ച് എയർ ഇന്ത്യ. നേരത്തെ ബുക്ക് ചെയ്ത വീൽചെയർ ഒരു മണിക്കൂർ വരെ കാത്തുനിന്നിട്ടുപോലും 82 കാരിക്ക് നല്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. മാർച്ച് 4 നായിരുന്നു സംഭവം.
വീൽ ചെയർ ലഭിക്കാത്തതിനെ തുടർന്ന് നടന്നുപോയ വയോധിക എയർ ഇന്ത്യയുടെ കൗണ്ടറിന് സമീപം മുഖമടിച്ച് വീഴുകയായിരുന്നു. വീഴ്ചയിൽ മൂക്കിനും മുഖത്തുമാണ് ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. വീഴ്ചയെ തുടർന്ന് തലച്ചോറിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തി ഇവരെ ബംഗളൂരുവിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുൻ ലെഫ്റ്റ്. ജനറലിന്റെ ഭാര്യയാണ് പരുക്കേറ്റ വയോധിക.
ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് യാത്രചെയ്യാൻ കൊച്ചുമകനൊപ്പം എത്തിയതായിരുന്നു ഇവർ. എയർ ഇന്ത്യ ജീവനക്കാരോടും ഹെൽപ്പ് ഡെസ്കിനോടും ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും വീൽചെയർ അനുവദിച്ചില്ല. “മറ്റ് മാർഗങ്ങളൊന്നുമില്ലാതെ വന്നപ്പോൾ , മുത്തശ്ശി തങ്ങളുടെ സഹായത്തോടെ മൂന്ന് പാർക്കിംഗ് ലെയ്‌ൻ വരെ നടന്നുവെന്നും അവസാനം എയർ ഇന്ത്യ പ്രീമിയം ഇക്കണോമി കൗണ്ടറിന് മുന്നിൽ വീഴുകയായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.
Read Also: മണിപ്പൂരിൽ ബസ് സർവീസുകൾ പുനരാരംഭിച്ചു
മുത്തശ്ശി വീണതിന് ശേഷമാണ് അധികൃതർ വീൽ ചെയറുമായി എത്തി വിമാനത്തിൽ കയറ്റിയത്. ബംഗളൂരിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ ജീവനക്കാർ ഐസ് പായ്ക്കുകൾ നൽകുകയും വൈദ്യസഹായം ക്രമീകരിക്കുകയും ചെയ്തുവെന്നും കൊച്ചുമകൻ പറഞ്ഞു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലും (ഡിജിസിഎ) എയർ ഇന്ത്യയിലും കുടുംബം പരാതി നൽകിയിട്ടുണ്ട്. തുടർനടപടികൾക്കായി കാത്തിരിക്കുകയാണ് കുടുംബം.
എന്നാൽ മുത്തശ്ശി വേഗം സുഖം പ്രാപിക്കട്ടെയെന്നും ഈ കാര്യത്തിൽ കുടുംബത്തിനെ ഒരു കോളിലൂടെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെന്നുമാണ് എയർ ഇന്ത്യ അധികൃതരുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
Story Highlights : Denied pre-booked wheelchair by Air India, elderly woman falls at Delhi airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here