കാസര്‍ഗോഡ് നിന്ന് 26 ദിവസം മുന്‍പ് കാണാതായ പതിനഞ്ചുകാരിയും അയല്‍വാസിയും മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ വീടിനടുത്തുള്ള കാട്ടില്‍

കാസര്‍ഗോഡ് പൈവെളിഗെയില്‍ നിന്ന് കാണാതായ 15 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പെണ്‍കുട്ടിയുടേയും അയല്‍വാസിയായ പ്രദീപിന്റേയും മൃതദേഹങ്ങള്‍ വീടിനടുത്തുള്ള കാട്ടില്‍ നിന്ന് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് കുട്ടിയുടേയും പ്രദീപിന്റേയും മൊബൈല്‍ ഫോണുകളും ഒരു കത്തിയും പൊലീസ് കണ്ടെടുത്തു. മൃതദേഹങ്ങള്‍ക്ക് ഏറെ ദിവസങ്ങളുടെ പഴക്കമുണ്ട്. ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. (kasargod missing girl and neighbor found dead)
കഴിഞ്ഞ മാസം 12-ാം തിയതി പുലര്‍ച്ചെയാണ് കുട്ടിയെ കാണാതായത്. ഇതേ ദിവസം തന്നെ ഇരുവരും ആത്മഹത്യ ചെയ്തതാകാനാണ് സാധ്യത. കുട്ടിയും അയല്‍വാസിയും നാടുവിടാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പൊലീസ് ഈ ഘട്ടത്തില്‍ ഉറപ്പിക്കുന്നത്. ഇരുവരും വീട്ടില്‍ നിന്ന് പണമോ വസ്ത്രങ്ങളോ തിരിച്ചറിയല്‍ കാര്‍ഡുകളോ രേഖകളോ എടുത്തിരുന്നില്ല. ശ്രേയയുടെ ഫോണ്‍ 12-ാം തിയതി ഏറെ നേരം റിംഗ് ചെയ്തിരുന്നങ്കിലും പിന്നീട് ഓഫ് ആകുകയായിരുന്നു. കുട്ടിയുടേയും പ്രദീപിന്റേയും ടവര്‍ ലൊക്കേഷന്‍ ഒന്ന് തന്നെയായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 26 ദിവസങ്ങള്‍ നാട്ടുകാരും പൊലീസും ബന്ധുക്കളും പെണ്‍കുട്ടിയേയും പ്രദീപിനേയും തെരയുകയായിരുന്നു. പ്രദേശത്ത് കോഴിഫാമിനോട് ചേര്‍ന്ന് കിടക്കുന്ന കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആ പ്രദേശത്ത് അധികം വീടുകളില്ല.
42 വയസുകാരനാണ് മരിച്ച പ്രദീപ്. ഓട്ടോഡ്രൈവറാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് പ്രദീപ്. പെണ്‍കുട്ടിയുടേയും പ്രദീപിന്റേയും വീടുകള്‍ തമ്മില്‍ 500 മീറ്റര്‍ ദൂരം മാത്രമാണുള്ളത്. മൃതദേഹങ്ങള്‍ കണ്ടെടുത്ത കുറ്റിക്കാടും ഇവരുടെ വീടുകളും തമ്മില്‍ വെറും 200 മീറ്റര്‍ ദൂരമേയുള്ളൂ. പെണ്‍കുട്ടിയെ കാണാതായതില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.
Story Highlights : kasargod missing girl and neighbor found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here