മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ: രണ്ടാംഘട്ട എ ലിസ്റ്റിന് അന്തിമ അംഗീകാരം

മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട എ ലിസ്റ്റിന് ദുരന്തനിവാരണ അതോറിറ്റി അന്തിമഅംഗീകാരം നൽകി. 81 പേരാണ് കരട് പട്ടികയിൽ ഉണ്ടായിരുന്നത്. രണ്ടാംഘട്ട ബി ലിസ്റ്റിനാണ് ഇനി അംഗീകാരം നൽകാൻ ഉള്ളത്. നോ ഗോ സോണ്‍ പരിധിയിൽ ഉൾപ്പെട്ടതും നാശം സംഭവിച്ചിട്ടില്ലാത്ത വീട്ടുടമസ്ഥർ, വാടകയ്ക്ക് താമസിച്ചിരുന്ന ദുരന്തബാധിതർ, പാടികളിൽ താമസിച്ചിരുന്ന ദുരന്തബാധിതർ എന്നിവരെയാണ് എ ലിസ്റ്റിൽ പരിഗണിച്ചത്.
വാർഡ് 10 ൽ 44 കുടുംബങ്ങൾ, വാർഡ് 11 ൽ 31 കുടുംബങ്ങൾ, വാർഡ് 12 ൽ 12 കുടുംബങ്ങൾ എന്നിവരാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ 6 കുടുംബങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തി. പുനരധിവാസത്തിലെ ബി ലിസ്റ്റ് മാനദണ്ഡങ്ങള്‍ മന്ത്രിസഭക്ക് വിടാൻ തീരുമാനിച്ചിരുന്നു. ബി ലിസ്റ്റ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുന്നതിനുളള മാനദണ്ഡങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പുനരധിവാസത്തിന് മൂന്ന് ഗുണഭോക്തൃ പട്ടികകളാണ് സര്‍ക്കാര്‍ സജ്ജമാക്കുന്നത്. അതില്‍ രണ്ടെണ്ണം നിലവില്‍ തന്നെ പുറത്തു വന്നു കഴിഞ്ഞു. ഇനി പുറത്ത് വരാനുള്ളത് അപകട മേഖലയില്‍ക്കൂടി അവരവരുടെ വീടുകളിലേക്ക് പോകാന്‍ വഴിയുള്ളവരുടെ പട്ടികയാണ്. അതിനെയാണ് ബി ലിസ്റ്റ് എന്ന് വിളിക്കുന്നത്.
ബി ലിസ്റ്റിലുള്ളവരുടെ കാര്യത്തില്‍ എന്തുനടപടി വേണമെന്ന് ആലോചിക്കാനും പഠിക്കാനും ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെ വയനാട്ടിലേക്ക് അയച്ചിരുന്നു. അതുമായി ബന്ധപ്പെട്ട മാപ്പിംഗും റവന്യു വകുപ്പ് തയാറാക്കിയിട്ടുണ്ട്. 90 മുതല്‍ 100 കുടുംബങ്ങള്‍ ഈ ലിസ്റ്റില്‍ വരുമെന്നാണ് സര്‍ക്കാരിന്റെ അനുമാനം.
Story Highlights : Final approval for second phase A list of Mundakkai-Chooralmala landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here