ട്രെയിൻ റാഞ്ചലിൽ എത്തിനിൽക്കുന്ന ബലൂചിൻ്റെ ചോര മണമുള്ള ചരിത്രം; പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിൻ്റെ കഥ

പാക്കിസ്ഥാനിൽ തീവ്രവാദികൾ ട്രെയിൻ റാഞ്ചിയ സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. പാക്കിസ്ഥാനിലെ ഖ്വെത്ത മേഖലയിലെ പർവത പ്രദേശത്ത് വച്ചാണ് ഒൻപത് കോച്ചുകളുള്ള ജാഫർ എക്സ്പ്രസ് ട്രെയിൻ റാഞ്ചിയത്. പെഷവാറിൽ നിന്ന് ഖ്വെത്തയിലേക്ക് പോവുകയായിരുന്ന ട്രെയിൻ റാഞ്ചിയത് തങ്ങളെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നതാകട്ടെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും. 182 യാത്രക്കാരെ ബന്ദികളാക്കിയ ബിഎൽഎ സംഘം 20 സൈനികരെ വധിച്ചുവെന്നും ഒരു സൈനിക ഡ്രോൺ വെടിവച്ചിട്ടുവെന്നും വ്യക്തമാക്കിയിരുന്നു.
ബന്ദികളാക്കപ്പെട്ടവരിൽ സൈനികരും വിവിധ രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ളവരും ഭീകര വിരുദ്ധ സേനാംഗങ്ങളും ഉണ്ടെന്നാണ് ബിഎൽഎ പുറത്തുവിട്ടത്. അതേസമയം 190 പേരെ മോചിപ്പിച്ചെന്നും 30 ബിഎൽഎ അംഗങ്ങളെ വധിച്ചുവെന്നും പാക് സൈന്യത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കച്ചി ജില്ലയിലെ ബോലൻ മേഖലയിലെ പെഹ്റോ കുൻറി-ഗുദലൂർ പ്രദേശങ്ങൾക്കിടയിലെ ടണലിൽ വച്ച് സായുധരായ ആളുകൾ 500 ഓളം പേർ യാത്ര ചെയ്ത ട്രെയിൻ തടഞ്ഞുനിർത്തിയെന്നാണ് ബലൂചിസ്ഥാൻ സർക്കാർ പറയുന്നത്. ബലൂചിസ്ഥാനിലെ ഗോത്ര നേതാവായിരുന്ന മിർ ജാഫർ ഖാൻ ജമാലിയുടെ പേരിലുള്ള ട്രെയിനാണ് റാഞ്ചിയത്. പാക്കിസ്ഥാൻ്റെ സ്ഥാപക നേതാവ് മുഹമ്മദ് അലി ജിന്നയുടെ അടുത്ത സുഹൃത്തായിരുന്നു മിർ ജാഫർ ഖാൻ ജമാലി. 20 വർഷം മുൻപാണ് ഇദ്ദേഹത്തിൻ്റെ പേരിലുള്ള ട്രെയിനിൻ്റെ സർവീസ് ആരംഭിച്ചത്. ബലൂചിസ്ഥാൻ്റെ തലസ്ഥാനത്തെ റാവൽപിണ്ടിയുമായി ബന്ധിപ്പിക്കുന്ന ട്രെയിനായിരുന്നു ഇത്. 2017 ൽ ഇതിൻ്റെ സർവീസ് പെഷവാറിലേക്ക് നീട്ടി. പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ പലതിനെയും ബന്ധിപ്പിച്ച് 1600 കിലോമീറ്ററാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്.
എന്നാൽ കലുഷിതമായ ബലൂച് മേഖലയിലെ രാഷ്ട്രീയ അന്തരീക്ഷം മൂലം ഈ ട്രെയിനിൻ്റെ സർവീസ് മുടങ്ങുന്നത് പതിവായിരുന്നു. റെയിൽവെ പാലം അടക്കം ബിഎൽഎ ബോംബിട്ട് തകർത്തതിനെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 മുതൽ ഒക്ടോബർ 10 വരെ ഈ ട്രെയിൻ സർവീസ് നടത്തിയിരുന്നില്ല. നവംബറിൽ ഖ്വെത്ത റെയിൽവെ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 62 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ വീണ്ടും സർവീസ് മുടങ്ങി. സുരക്ഷാ ഭീഷണിയെ തുടർന്ന് ഡിസംബറിലും ട്രെയിൻ സർവീസ് മുടങ്ങിയിരുന്നു.
ആരാണ് ബിഎൽഎ
സ്വതന്ത്ര ബലൂചിസ്ഥാൻ എന്ന രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന തീവ്ര ദേശീയവാദി സംഘടനയാണ് ബിഎൽഎ. 2000ത്തിൻ്റെ തുടക്കത്തിൽ ഉദയം കൊണ്ട സംഘടനയെ 2006 ൽ പാക്കിസ്ഥാൻ നിരോധിച്ചു. 2019 ൽ അമേരിക്ക ഈ സംഘടനയെ ഭീകര സംഘടനയെന്ന ഗണത്തിൽ പെടുത്തി.
ട്രെയിൻ റാഞ്ചിയത് തങ്ങളുടെ തന്നെ മജീദ് ബ്രിഗേഡ് എന്ന ചാവേർപ്പടയാണ് എന്നാണ് ബിഎൽഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഈ ചാവേർപ്പടയ്ക്ക് 2011 ലാണ് ബിഎൽഎ രൂപം കൊടുത്തത്. ബലൂചിസ്ഥാനിൽ ഗ്വാദർ തുറമുഖത്ത് 2024 മാർച്ചിൽ നടത്തിയ ആക്രമണമടക്കം നിരവധി ആക്രമണങ്ങൾ നടത്തിയത് മജീദ് ബ്രിഗേഡായിരുന്നു. എന്നാൽ മജീദ് ബ്രിഗേഡ് നയിച്ച കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ ബിഎൽഎയുടെ സ്പെഷൽ ടാക്‌റ്റികൽ ഓപറേഷൻസ് സ്ക്വാഡ്, ഫത്താഹ് സ്‌ക്വാഡ്, സിറബ് യൂണിറ്റ് എന്നിവയും ഭാഗമായിരുന്നുവെന്നും ബിഎൽഎയുടെ തന്നെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാനിലെ നാല് പ്രവിശ്യകളിൽ ഏറ്റവും വലുതും ഏറ്റവും ജനവാസം കുറഞ്ഞ മേഖലയുമാണ് ബലൂചിസ്ഥാൻ. സിന്ധ്, പഞ്ചാബ്, ഖൈബർ പഖ്‌തുൻഖ്വ എന്നിവയാണ് മറ്റ് മൂന്ന് പ്രവിശ്യകൾ. എണ്ണ, വാതകം, സ്വർണം, കോപ്പർ നിക്ഷേപം വളരെ കൂടുതലുള്ള ബലൂചിസ്ഥാൻ പക്ഷെ സാമ്പത്തിക വളർച്ചയിൽ ഏറെ പിന്നിലാണ്. ഈ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് പാക്കിസ്ഥാനിലെ കേന്ദ്ര സർക്കാരിനെയാണ് എന്നും ബലൂചിസ്ഥാനിലെ പരമ്പരാഗത ന്യൂനപക്ഷ സമൂഹം കുറ്റപ്പെടുത്തിയിട്ടുള്ളത്.
വിഭജനത്തിനുശേഷം, പാകിസ്ഥാൻ എന്ന പുതിയ രാഷ്ട്രവുമായുണ്ടാക്കിയ സൗഹൃദ ഉടമ്പടിയുടെ ഭാഗമായി, 1948 മാർച്ച് വരെ ബലൂചിസ്ഥാൻ സ്വതന്ത്രമായി നിലകൊണ്ടു. എന്നാൽ അന്ന് ബലൂചിസ്ഥാൻ്റെ ഭൂരിഭാഗം മേഖലയും നിയന്ത്രിച്ചിരുന്ന ഖാൻ ഓഫ് കലാത്ത് എന്നറിയപ്പെട്ട ഗോത്ര നേതാവിന് ബാഹ്യ സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടേണ്ടി വന്നു. പാക്കിസ്ഥാനിൽ ലയിക്കാനുള്ള ഉടമ്പടിയിൽ അധികം വൈകാതെ അദ്ദേഹം ഒപ്പുവച്ചെങ്കിലും ബലൂച് മേഖല സ്വതന്ത്രമാകണം എന്ന വികാരം ജനങ്ങളിൽ ശക്തമായി നിലകൊണ്ടു. പിന്നീടിങ്ങോട്ട് പിന്നിട്ട ദശാബ്ദങ്ങളത്രയും ചോര ചീന്തിയ സംഘർഷത്തിൻറെ ചരിത്രമാണ് പറയുന്നത്. ബലൂച് ദേശവാദികളും സാധാരണക്കാരും അടക്കം നിരവധി പേർ ഇതിനോടകം കൊല്ലപ്പെട്ടു. മേഖല അസ്വസ്ഥമായിരിക്കാൻ കാരണം ഇന്ത്യയെന്നാണ് പാക്കിസ്ഥാൻ ആരോപിക്കുന്നത്. ഈ വാദത്തെ എല്ലാ കാലത്തും ഇന്ത്യ ശക്തമായി എതിർത്തിട്ടുമുണ്ട്.
Story Highlights: History of Baloch insurgency and a spate of recent attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here