എസ്എഫ്‌ഐ ലഹരി ശൃംഖലയുടെ ഭാഗം, ഇത് ഒറ്റപ്പെട്ട സംഭവമാണങ്കില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയെക്കുറിച്ച് ഞാനിത് പറയില്ലായിരുന്നു: വി ഡി സതീശന്‍

കളമശേരി പോളിടെക്‌നിക് കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എസ്എഫ്‌ഐ ലഹരി ശൃംഖലയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നെങ്കില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ ഇങ്ങനെ പറയില്ലായിരുന്നു. പൊലീസ് പിടികൂടിയത് ആരെന്ന് എല്ലാവര്‍ക്കും അറിയാം. അത് തള്ളിക്കളഞ്ഞ് കെഎസ്‌യു എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ലെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. (kalamassery cannabis issue v d satheesan against SFI)
കേരളത്തില്‍ ഏത് കുഗ്രാമത്തിലും വെറും പത്ത് മിനിറ്റിനുള്ളില്‍ ആവശ്യക്കാര്‍ക്ക് ലഹരി ലഭിക്കുമെന്നതാണ് അവസ്ഥയെന്ന് വി ഡി സതീശന്‍ പറഞ്ഞു. എക്‌സൈസ് വകുപ്പ് ഈ ഘട്ടത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുകയല്ല വേണ്ടത്. അത് മറ്റ് വകുപ്പുകളെ ഏല്‍പ്പിച്ചിട്ട് നടപടികള്‍ എടുക്കുകയാണ് വേണ്ടത്. ചെറിയ അളവില്‍ കഞ്ചാവുമായി പിടികൂടുന്നവരെയല്ല മറിച്ച് ലഹരിയുടെ ഉറവിടത്തിലേക്ക് എത്തിച്ചേരാന്‍ എക്‌സൈസിന് കഴിയണം. ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിക്കുന്ന അന്വേഷണങ്ങള്‍ നടക്കണം. കേരളത്തിലേക്ക് സ്പിരിറ്റ് എത്തിച്ചേരുന്ന ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് കേരളത്തിലേക്കുള്ള സ്പിരിറ്റിന്റെ ഒഴുക്ക് നിന്നതെന്ന് ഓര്‍മിക്കണം. കൃത്യമായി നടപടിയെടുത്തുകൊണ്ടും പൊതുസമൂഹത്തിന്റെ കൂടി പിന്തുണയോടെയും മാത്രമേ ലഹരി ഒഴുക്ക് തടയാനാകൂവെന്നും വി ഡി സതീശന്‍ പറഞ്ഞു.
Read Also: യുക്രെയ്ൻ -റഷ്യ യുദ്ധം: ‘സമാധാനം നിലനിർത്തണം’; വെടിനിർത്തലിന് തയ്യാറെന്ന് വ്ളാഡിമിർ പുടിൻ
പൊലീസിന്റെയും ഡാന്‍സാഫിന്റെയും സംയുക്ത പരിശോധനയിലാണ് കളമശേരിയില്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് മൂന്ന് പേര്‍ കളമശേരി പൊലീസ് സ്റ്റേഷനിലാണ്. കൂടുതല്‍ പ്രതികള്‍ കേസില്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്. ഇന്നലെ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കായുള്ള തിരച്ചിലും നടത്തുന്നുണ്ട്.എഫ് ഐ ആറില്‍ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്തത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരുടെ മുറിയില്‍ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍ നിന്ന് പിടിച്ചെടുത്തത്.
Story Highlights : kalamassery cannabis issue v d satheesan against SFI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here