അന്താരാഷ്ട്ര ലഹരി മാഫിയ സംഘത്തെ പഞ്ചാബിൽ നിന്ന് പിടികൂടി കേരളാ പൊലീസ്; രണ്ട് ടാൻസാനിയക്കാർ അറസ്റ്റിൽ

അന്തരാഷ്ട ഡ്രഗ് മാഫിയ സംഘത്തിലെ രണ്ടു പേരെ കേരള പൊലീസ് പിടികൂടി. ടാൻസാനിയ സ്വദേശികളെയാണ് കേരള പൊലീസ് പഞ്ചാബിൽ വെച്ച് പിടികൂടിയത്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുന്നമംഗലം പൊലീസ് ജനുവരി 21ന് രജിസ്റ്റർ ചെയ്ത MDMA കേസിലാണ് വൻ നടപടി.
കാരന്തൂർ VR റെസിഡന്സിൽ നിന്നും പിടിച്ച 221 ഗ്രാം MDMA കേസിൽ നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇതിന്റെ ഉറവിടം അന്വേഷിച്ചെത്തിയ യാത്രയ്ക്കിടെയാണ് പൊലീസിന് നിർണായകമായ വിവരങ്ങൾ ലഭിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷ്ണർ ടി നാരായണൻ മെഡിക്കൽ കോളജ് എസിപി എ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ആരംഭിച്ച വിവരശേഖരണത്തിൽ നിന്നാണ് അന്വേഷണസംഘം പഞ്ചാബിൽ എത്തുന്നത്. ലഹരിമരുന്ന് വന്ന വഴിയെ കുറിച്ച് നടത്തിയ അന്വേഷണമാണ് പഞ്ചാബിൽ എത്തിച്ചതെന്ന് എസ്പി ഉമേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
പഞ്ചാബിൽ നിന്നാണ് വലിയതോതിൽ MDMA കേരളത്തിൽ എത്തുന്നത്. അവിടെ നിന്നാണ് ടാൻസാനിയ സ്വദേശികളെ പിടികൂടിയത്. ഇവരെ വിമാനമാർഗം കരിപ്പൂരിൽ എത്തിച്ചു. ഇവരെ നേരെ കുന്നമംഗലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കും. വളരെ നിർണായകമായ വിവരങ്ങൾ പ്രതികളുടെ വിശദമായ ചോദ്യം ചെയ്യലിൽ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ഒരു മലയാളി നേരത്തെ പിടിയിലായിരുന്നു.
Story Highlights : Kerala Police busts international drug mafia gang from Punjab; Two Tanzanians arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here