രാഹുൽ ഗാന്ധി വീണ്ടും വിയറ്റ്നാമിൽ; അടിക്കടിയുള്ള സന്ദർശനം എന്തിനെന്ന് ബിജെപി

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടിക്കടി വിയറ്റ്നാമിൽ രഹസ്യ സന്ദർശനം നടത്തുന്നുവെന്ന് ബിജെപി. വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടുള്ള വിദേശ യാത്ര രാജ്യസുരക്ഷക്ക് വെല്ലുവിളിയാണെന്നാണ് പ്രധാന വിമർശനം.
പുതുവത്സരം വിയറ്റ്നാമിൽ ആഘോഷിച്ച രാഹുൽ ഗാന്ധി, ഹോളിയും അവിടെ തന്നെയാണോ ആഘോഷിച്ചതെന്നാണ് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ ചോദിച്ചത്.
“22 ദിവസത്തേക്ക് അദ്ദേഹം വിയറ്റ്നാമിൽ തുടരും എന്നാണ് താൻ അറിഞ്ഞത്. സ്വന്തം മണ്ഡലത്തിൽ പോലും തുടർച്ചയായി ഇത്രയം ദിവസം അദ്ദേഹം ചെലവഴിച്ചിട്ടില്ല” – രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
വിയറ്റ്നാമിനോട് രാഹുൽ ഗാന്ധിക്ക് അസാധാരണമായ സ്നേഹം എന്തുകൊണ്ടാണെന്നറിയാൻ കടുത്ത ആകാംക്ഷയുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുലിൻ്റെ വിയറ്റ്നാം സന്ദർശനം ദേശസുരക്ഷയ്ക്ക് വെല്ലുവിളിയെന്ന് ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു.
പാർലമെന്റിൽ ബജറ്റ് സമ്മേളനം തുടരുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ വിയറ്റ്നാം യാത്ര. നേരത്തെ മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന മൻമോഹൻ സിങ്ങിൻ്റെ വിയോഗത്തെ തുടർന്നുള്ള ഏഴ് ദിവസത്തെ ദുഃഖാചരണത്തിനിടയിലും രാഹുൽ ഗാന്ധി വിയറ്റ്നാമിൽ പോയിരുന്നു. ഡിസംബർ 26ലെ യാത്രയേയും ബിജെപി വിമർശിച്ചിരുന്നു.
അതേസമയം, രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനം അവിടുത്തെ സാമ്പത്തിക മാതൃക പഠിക്കാനെന്നാണ് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് വിശദീകരിച്ചത്.
Story Highlights: BJP says Rahul Gandhi was in Vietnam during Holi questions ‘frequency’ of visits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here