Advertisement

‘ലഹരി വിരുദ്ധ പോരാട്ടത്തില്‍ നിരുപാധിക പിന്തുണ, ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം കൊടുക്കരുത്’ ; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

March 17, 2025
2 minutes Read
V D SATHEESAN

ലഹരി വിരുദ്ധ പോരാട്ടത്തില്‍ സർക്കാരിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അരുത് അക്രമം, അരുത് ലഹരി എന്ന സന്ദേശവുമായി ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായർ നടത്തുന്ന ജനകീയ യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്വന്റിഫോറിന്റെ ദൗത്യത്തെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. 30 ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര ലഹരിക്കെതിരായ മുന്നേറ്റമാക്കിയതിനെ അഭിനന്ദിക്കുന്നുവെന്നും എല്ലാവരും ഒരുമിച്ചു നിന്നാല്‍ മാത്രമേ ലഹരി വിപത്ത് അവസാനിപ്പിക്കാന്‍ സാധിക്കൂവെന്നും വി ഡി സതീശൻ പറഞ്ഞു.

വിഷയത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022ല്‍ ലഹരിയുമായി ബന്ധപ്പെട്ട വിഷയം ഞങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്നു. പൂര്‍ണമായ പിന്തുണ സര്‍ക്കാരിന് വാഗ്ദാനം ചെയ്തു. കേരളത്തിന്റെ നിയമസഭയില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു നീക്കം. ഗവണ്‍മെന്റിന് പിന്തുണ നല്‍കിക്കൊണ്ട് അടിയന്തിര പ്രമേയം കൊണ്ടുവന്നു. എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ മാറ്റമില്ലെന്ന് മാത്രമല്ല ഇതിന്റെ നെറ്റ്‌വര്‍ക്ക് വര്‍ധിക്കുകയാണ്. 2025ല്‍ കഴിഞ്ഞ മാസം കൊണ്ടുവന്നപ്പോള്‍ ഞങ്ങള്‍ രൂക്ഷമായി സര്‍ക്കാരിനെ വിമര്‍ശിച്ചു. അതോടൊപ്പം മാധ്യമങ്ങളും ചേര്‍ന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ആക്റ്റീവാണ് – അദ്ദേഹം വ്യക്തമാക്കി. പൊളിറ്റിക്കല്‍ പാട്രനേജ് കേരളത്തിലെ ലഹരി മാഫിയയ്ക്ക് ഉണ്ട്. ഇവര്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം കൊടുക്കരുത്. വിദ്യാര്‍ത്ഥി സംഘനകള്‍ക്ക് ഇതുമായി ബന്ധപ്പെട്ട ശ്രദ്ധ വേണം. എസ്എഫ്‌ഐ മാത്രമല്ല കെ എസ് യുവും എംഎസ്എവും ഇക്കാര്യം ശ്രദ്ധിക്കണം. പ്രബലമായ വിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാമ്പസുകളിലുണ്ടെങ്കില്‍ ഒരു സപ്ലയറും അങ്ങോട്ട് കയറില്ല. മുട്ടു വിറയ്ക്കും – അദ്ദേഹം പറഞ്ഞു.

Read Also: ‘സര്‍ക്കാര്‍ ആത്മാര്‍ഥമായി പ്രവർത്തിക്കണം; ലഹരി മാഫിയയുടെ വേരറുക്കാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങണം’; രമേശ് ചെന്നിത്തല

കേരളത്തിലെ ഏത് കുഗ്രാമത്തിലും ലഹരി കിട്ടണമെങ്കില്‍ ഇതിന്റെ നെറ്റ്‌വര്‍ക്ക് നാം വിചാരിക്കുന്നതിനുമപ്പുറമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ അളവിലാണ് ലഹരി കേരളത്തിലേക്ക് എത്തുന്നതെന്നും ഈ നെറ്റ്‌വര്‍ക്ക് വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്‌കൂളുകളെ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികള്‍ ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ അവര്‍ അതിന് അടിമകളാകും. പിന്നീട് ഉപയോഗിക്കാന്‍ പണമില്ലാതെ വരുമ്പോള്‍ ഇവരെ ക്യാരിയേഴ്‌സ് ആക്കി മാറ്റുകയാണ് – വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ഫോഴ്‌സ്‌മെന്റിനെ ഈ പോരാട്ടത്തില്‍ കൂടുതല്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സതേണ്‍ മേഖലയിലും നോര്‍ത്തേണ്‍ മേഖലയിലും സത്യസന്ധരായ ഓരോ ഐജിമാരെ ഇതുമായി ബന്ധപ്പെട്ട് നിയമിച്ച് ഇവരുടെ നേതൃത്വത്തില്‍ കേസുകള്‍ പിടിക്കട്ടെ എന്നും നിര്‍ദേശിച്ചു. 30 – 40 കേസുകള്‍ ഒരു മാസം കൊണ്ട് പിടിച്ചാല്‍ അതിന്റെ ഉറവിടം അന്വേഷിച്ച് പോകണം. പണ്ട്, കേരളം സ്പിരിറ്റ് പിടിച്ചത് അങ്ങനെയാണ്. ഉറവിടം കണ്ടെത്തണം. കേരള പൊലീസിനും എക്‌സൈസിനും അത് പറ്റുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഇത്തരത്തില്‍ ഉറവിടം കണ്ടെത്തിയാല്‍ കേരളത്തിലേക്ക് വരുന്ന വന്‍ തോതിലുള്ള ലഹരിയെ തടുത്ത് നിര്‍ത്താന്‍ പറ്റും. പിന്നെ ജാഗ്രത പാലിച്ച് എല്ലാവരും ചേര്‍ന്ന് ഇറങ്ങി ഇനിയൊരു കുട്ടി ഇതില്‍ ചെന്ന് പെടാതിരിക്കാനുള്ള ശ്രമം നടത്താം – അദ്ദേഹം വ്യക്തമാക്കി. ഏത് വീട്ടിലെ കുട്ടിയാണെങ്കിലും നമ്മുടെ സ്വന്തമെന്നത് പോലെ കാണണമെന്നും എല്ലാവരും കൂടി ശ്രദ്ധിച്ച്, അവരവരെ കൊണ്ട് ചെയ്യാന്‍ പറ്റാവുന്നതിന്റെ പരമാവധി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്ലാ സംഘടനകളും ഇറങ്ങി ഒരു മുന്നേറ്റം സംഘടിപ്പിക്കണം. ഗവണ്‍മെന്റ് അതിന്റെ ഏകോപനം ഏറ്റെടുക്കണം. അതിന് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നിരുപാധിക പിന്തുണയുണ്ടാകും. സര്‍ക്കാരിന്റെ കൂടെയുണ്ട് – അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ മാറ്റിയെടുക്കാന്‍ പറ്റുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുക്കരുതെന്നും അതിനവരെ വിട്ടുകൊടുക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

Story Highlights : Unconditional support in the fight against drugs, said VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top