കാത്തിരുന്ന മടക്കം, സുനിത വില്യംസും ബുച് വിൽമോറും ഭൂമിയിലേക്ക്

നീണ്ട ഒൻപത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച് വിൽമോറും തിരികെ ഭൂമിയിലേക്ക്. സ്പേസ് എക്സിന്റെ ക്രൂ 9 പേടകത്തിലാണ് മടക്കയാത്ര. ബഹിരാകാശ നിലയവുമായുള്ള പേടകത്തിന്റെ ബന്ധം വേർപെടുത്തുന്ന അൺഡോക്കിങ് ആരംഭിച്ചു. ഇന്ത്യൻ സമയം നാളെ പുലർച്ചെ 3.27-ന് അറ്റ്‌ലാന്റിക് സമുദ്രത്തിൽ പേടകമിറക്കും. ഇനി സുനിത ഭൂമിയെ തൊടുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പ്.
ഇന്ന് 8.15 ഓടെയാണ് ഡ്രാഗന്‍ സ്പേസ് ക്രാഫ്റ്റ് പേടകം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്. സുനിതയുമായുള്ള പേടകം രാവിലെ 10.30 നാണ് ബഹിരാകാശ നിലയം വിടുക. ബുധനാഴ്ച്ച പുലര്‍ച്ചെ 3.27 ഓടെ ഇരുവരും ഭൂമി തൊടും. സുനിതയ്ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും മടക്കയാത്രയില്‍ ഒപ്പമുണ്ട്.
ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം.
ബോയിങ് സ്റ്റാര്‍ലൈനര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അരികിലെത്തിയപ്പോള്‍ പേടകത്തില്‍നിന്ന് ഹീലിയം വാതകച്ചോര്‍ച്ചയുണ്ടായി. ചില യന്ത്രഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത് ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. യാത്രികരുടെ സുരക്ഷ പരിഗണിച്ചായിരുന്നു മടക്കയാത്ര നീട്ടിവച്ചത്. ഇതിന് പിന്നാലെയാണ് ഇലോണ് മസ്‌കിന്റെ സ്‌പേസ് എക്സിന്റെ ക്രൂ-9 മിഷന്റെ ഡ്രാഗണ് സ്‌പേസ് ക്രാഫ്റ്റില്‍ സുനിതയേയും വിൽമോറിനേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്.
Story Highlights : Sunita Williams and Wilmore Return
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here