എന്താണ് ഗ്ലോക്കോമ?കൃത്യമായ രോഗനിർണയവും ചികിത്സയും അസുഖത്തിനെ പ്രതിരോധിക്കുമോ?

ഇന്ത്യലെ ആളുകളിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്ന നേത്ര രോഗമാണ് ഗ്ലോക്കോമ. ആരംഭഘട്ടത്തിൽ ഇത് കണ്ടെത്തുക ബുദ്ധിമുട്ടാണ്. അതിനാൽ ഏകദേശം 90% കേസുകളിലും രോഗനിർണയം നടത്താൻ സാധിക്കാത്തത് ഏറെ ആശങ്കാജനകമാണെന്നും ഗ്ലോക്കോമയെ പറ്റിയുള്ള പ്രാഥമിക അവബോധം ഇല്ലാത്തതാണ് രോഗങ്ങൾ വർധിക്കാൻ കാരണം എന്നും നേത്രധാമ സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഗ്ലോക്കോമ സ്പെഷ്യലിസ്റ്റുമായ ഡോ. ആശ എം.എസ് പറയുന്നത്.
Read Also: അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി
2040 ആകുമ്പോൾ ഏഷ്യയിൽ ഏകദേശം 27.8 ദശലക്ഷം ആളുകൾക്ക് ഗ്ലോക്കോമ ബാധിക്കുമെന്നും, ഇതിൽ ഇന്ത്യ ,ചൈന എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യപെടുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ രോഗം ക്രമേണ ഒപ്റ്റിക് നാഡിയെ നശിപ്പിക്കുകയും,പതിയെ കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ചെയ്യും.നാൽപ്പത് വയസ്സിന് മുകളിലുള്ളവർക്കാണ് ഈ രോഗം കൂടുതലായി കാണപ്പെടുന്നത്.ഇന്ത്യയിൽ ഗ്ലോക്കോമ പിടിപെട്ട് അന്ധരായവർ 1.2 ദശലക്ഷമാണ്. പ്രായമായവരിൽ ഏകദേശം 2.7% മുതൽ 4.3% വരെയുള്ള നേത്ര സംബന്ധ രോഗങ്ങളുടെയും കാരണം ഗ്ലോക്കോമയാണ്.
രോഗത്തിന്റെ തുടക്കത്തിൽ രോഗ ലക്ഷണങ്ങൾ ഒന്നും നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല പതിയെ കാഴ്ച നഷ്ടപെട്ടു തുടങ്ങി എന്ന് തിരിച്ചറിയുമ്പോഴേക്കും ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താം.കാഴ്ച്ചയ്ക്ക് എന്തെങ്കിലും തകരാറുണ്ടാകുമ്പോൾ നമ്മൾ പ്രാഥമിക ചികിത്സ തേടുകയും കാഴ്ച്ച ശരിയാവുകയും ചെയ്യുന്നു എന്നാൽ പിന്നീട് ഇത് ഗ്ലോക്കോമ പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരും തിരിച്ചറിയില്ല.പതിവ് നേത്ര പരിശോധനകൾക്കിടയിലാണ് മിക്ക കേസുകളും കണ്ടെത്തുന്നത്. അതിനാൽ മാസത്തിൽ ഒരുവട്ടമെങ്കിലും നേത്രപരിശോധന നടത്തേണ്ടതാണ്.
കണ്ണിനെയും തലച്ചോറിനെയും ബന്ധിപ്പിക്കുന്ന നാടിയെ തകർക്കുന്ന ഈ രോഗം ഉയർന്ന നേത്ര സമ്മർദ്ദത്താലാണ് ഉണ്ടാകുന്നത്. കണ്ണിലെ സ്വാഭാവിക മർദ്ദം 11 മുതൽ 21 mm Hg വരെയാണ്. അക്വസ് ഹ്യൂമർ എന്ന ദ്രാവകത്തിൽ നിന്നാണ് ഈ പ്രഷർ ഉണ്ടാകുന്നത്. ഇതിന്റെ പ്രവർത്തനം തകരാറിലാവുമ്പോൾ കണ്ണിന്റെ കാഴ്ച്ച പോലും നഷ്ടപ്പെടാം.
ഗ്ലോക്കോമയുടെ കൃത്യമായ കാരണം അജ്ഞാതമാണെങ്കിലും ഇവയും രോഗം വരാനുള്ള കാരണങ്ങളാണ് ;
- പ്രമേഹം
- മയോപിയ/ഹൈപ്പർമെട്രോപിയ
- സ്റ്റിറോയിഡുകൾ കഴിക്കുന്നത്
- കുടുംബത്തിലുള്ള മറ്റാർക്കെങ്കിലും മുന്നേ ഗ്ലോക്കോമ വന്നിട്ടുണ്ടെങ്കിൽ അത് വരും തലമുറയിലേക്കും പകരാം
- കണ്ണിന് പരിക്കേൽക്കുന്നത്
- തൈറോയ്ഡ്
പ്രായമായവർ , പ്രത്യേകിച്ച് ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് രോഗം കണ്ടെത്താൻ പലപ്പോഴും താമസം ഉണ്ടാകുന്നതായും ,അതിനാൽ 40 വയസ്സിനു മുകളിലുള്ളവരിൽ രോഗത്തെ കുറിച്ച് മനസിലാക്കുന്നതിനായി കൂടുതൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യമുണ്ടന്നും ഡോ. ആശ പറയുന്നു.ഇതിലൂടെ ഗ്ലോക്കോമ കാരണം കാഴ്ച്ച നഷ്ടപെടുന്ന അവസ്ഥ തടയാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Story Highlights :Glaucoma is becoming a major public health concern in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here