അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി

അസുഖ ബാധിതയായ വയോധികയെ മക്കള്‍ ഉപേക്ഷിച്ചതായി പരാതി. വടക്കാഞ്ചേരി കൊടുമ്പില്‍ താമസിക്കുന്ന 68 വയസുകാരി കാളിയെയാണ് മക്കള്‍ ഉപേക്ഷിച്ചത്. കട്ടിലില്‍ മലവിസര്‍ജനം നടത്തിയെന്ന് പറഞ്ഞ് മകള്‍ രജനി, കാളിയെ മര്‍ദിക്കുകയും ചെയ്തു. ഭക്ഷണം കിട്ടാതെ ഇവര്‍ റോഡിലേക്ക് നിരങ്ങി ഇഴഞ്ഞ് വന്നപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.
രജനിയെ കൂടാതെ രാജനെന്ന മകനും കൂടിയുണ്ട് കാളിക്ക്. മകന്‍ രാജന്‍ തെക്കുംകരയിലും മകള്‍ രജനി ചെറുതുരുത്തിയിലുമാണ് താമസിക്കുന്നത്. കാളി കൊടുമ്പിലെ വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വൃദ്ധമാതാവിനെ വീടിന് ചേര്‍ന്നുള്ള റോഡിലെ കൈവരിയില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ട് മക്കളെയും ബന്ധപ്പെട്ട് ഏറ്റെടുക്കണമെന്ന് നാട്ടുകാര്‍ അടക്കം ആവശ്യപ്പെട്ടെങ്കിലും ഇരുവരും തയാറായില്ല. റോഡരികില്‍ നിന്ന് വയോധികയെ വീട്ടിലേക്ക് എത്തിച്ച ശേഷം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസാണ് കാളിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മക്കളോട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് എത്താന്‍ വടക്കാഞ്ചേരി പൊലീസ് നിര്‍ദ്ദേശിച്ചു. മാതാവിന്റെ പരിചരണം ഏറ്റെടുത്തോളാം എന്ന ഉറപ്പ് മക്കള്‍ നല്‍കിയെന്നാണ് വിവരം.
Story Highlights : Woman abandoned by her children in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here