പരസ്യവിമര്‍ശനം പാര്‍ട്ടിക്ക് തലവേദന, ഗത്യന്തരമില്ലാതെ നടപടി; ഇനി കെ ഇ ഇസ്മയിലിന്റെ നീക്കം എന്താവും?

മുതിര്‍ന്ന സി പി ഐ നേതാവ് കെ ഇ ഇസ്മയിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. സി പി ഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായിരുന്ന പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഇസ്മയില്‍ നടത്തിയ പരസ്യ പ്രസ്താവനയെതുടര്‍ന്നാണ് ഇസ്മയിലെനെതിരെയുണ്ടായ നടപടി. സംസ്ഥാന എക്‌സിക്യുട്ടീവിലായിരുന്നു തീരുമാനം.
പി രാജുവിനെ മരണത്തിലേക്ക് നയിച്ചത് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളാണെന്നും, വ്യാജ സാമ്പത്തിക ആരോപണങ്ങള്‍ ഉന്നയിച്ച് രാജുവിനെ പാര്‍ട്ടിയില്‍ ഒതുക്കുകയായിരുന്നുവെന്നും പാര്‍ട്ടിയില്‍ സജീവമാകാന്‍ ആഗ്രഹിച്ചിരുന്ന രാജുവിന് അവസരങ്ങള്‍ നിഷേധിക്കുകയായിരുന്നുവെന്നുമായിരുന്നു കെ ഇ ഇസ്മയിലിന്റെ പ്രതികരണം. ആദ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണം പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലും ഇസ്മയില്‍ ആവര്‍ത്തിച്ചു.
ഇസ്മയിലിന്റെ നടപടി പാര്‍ട്ടി വിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. സംസ്ഥാന എക്‌സിക്യുട്ടീവ് ഈ വിഷയത്തില്‍ ഇസ്മയിലിനോട് വിശദീകരണം ചോദിച്ചിരുന്നു.
Read Also: പ്രതികള്‍ കോടതിമുറിയില്‍ കുഴഞ്ഞുവീഴുന്ന പ്രവണത അവസാനിപ്പിക്കണം; വിമർശനവുമായി ഹൈക്കോടതി
കോട്ടയം സമ്മേളനത്തില്‍ ഇസ്മയില്‍ പക്ഷത്ത് നിലയുറപ്പിച്ച നേതാവായിരുന്നു പി രാജു. ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് രാജുവിനെ സിപിഐ സംസ്ഥാന സമിതിയില്‍ നിന്നും തരം താഴ്ത്തി. പാര്‍ട്ടി കണ്‍ട്രോള്‍ കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക തട്ടിപ്പ് ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് കണ്ടെത്തുകയും രാജുവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് അന്വേഷണ കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പി രാജുവിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതിന് എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
പാര്‍ട്ടിയില്‍ നേരിട്ട വിവേചനം പലപ്പോഴായി തന്നോട് രാജു പറഞ്ഞിരുന്നുവെന്നും, രാജു നേരിട്ടത് വലിയ പീഡനമാണെന്നുമായിരുന്നു കെ ഇ ഇസ്മയിലിന്റെ തുറന്നു പറച്ചില്‍. ഇസ്മയില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്ക് ശ്രമം നടത്തിയെന്നും, പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ ഇസ്മയില്‍ ഇത്തരമൊരു നടപടി ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നുമായിരുന്നു ഉയര്‍ന്ന പരാതി. പരാതിയില്‍ വിശദീകരണം നേടിയ സംസ്ഥാന കൗണ്‍സില്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇസ്മയില്‍ തന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചതോടെയാണ് കെ ഇ ഇസ്മയിലിനെ ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്യാന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗം തീരുമാനിച്ചത്.
പ്രായപരിധി മുന്‍ നിര്‍ത്തി കെ ഇ ഇസ്മയിലിനെ കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കിയതും, പാലക്കാട് ജില്ലയില്‍ സ്ഥിരം ക്ഷണിതാവാക്കി മാറ്റിയിരുന്നു. പാലക്കാട് ജില്ലയിലെ സി പി ഐ വിഭാഗീയതയില്‍ കെ ഇ ഇസ്മയിലിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ കടുത്ത നടപടിയിലേക്ക് നേതൃത്വം കടന്നിരുന്നില്ല. സി പി ഐയുടെ മുതിര്‍ന്ന നേതാവും മുന്‍ റവന്യൂ മന്ത്രിയുമാണ് കെ ഇ ഇസ്മയില്‍.
പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുപോരുന്ന നേതാവാണ് കെ ഇ ഇസ്മയില്‍. അതിനാല്‍ ഇസ്മയിലിന്റെ തുടര്‍ രാഷ്ട്രീയ നിലപാട് സി പി ഐ നേതൃത്വം കരുതലോടെയാണ് നിരീക്ഷിക്കുന്നത്.
Story Highlights : What will be the move of KE Ismail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here