കൈതപ്രം കൊലപാതകം; രാധാകൃഷ്ണനെ കൊല്ലാൻ ഉപയോഗിച്ച തോക്ക് വിറകുപുരയിൽ നിന്ന് കണ്ടെത്തി

കണ്ണൂർ കൈതപ്രത്ത് രാധാകൃഷ്ണനെ കൊല്ലാനായി പ്രതി സന്തോഷ് ഉപയോഗിച്ച തോക്ക് കണ്ടെത്തി. രാധാകൃഷ്ണന്റെ ഭാര്യയും അമ്മയും വാടകയ്ക്ക് താമസിച്ച വീട്ടിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. വീടിന് സമീപത്തെ വിറകുപുരയിൽ നിന്നായിരുന്നു തോക്ക് ലഭിച്ചത്. കേസിലെ നിർണായക തെളിവാണ് കണ്ടെത്തിയ തോക്ക്. ഫോറൻസിക്കും അന്വേഷണ ഉദ്യോഗസ്ഥരും രാവിലെ മുതൽ തന്നെ തോക്ക് കണ്ടെത്താനായുള്ള ശ്രമത്തിലായിരുന്നു.
കൊലയ്ക്ക് ശേഷം തോക്ക് ഒളിപ്പിച്ചുവെച്ച സ്ഥലം സന്തോഷ് തന്നെയാണ് അന്വേഷണ സംഘത്തിന് കാണിച്ചുകൊടുത്തത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയുമായി പൊലീസ് കൊലപാതകം നടന്ന രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിൽ എത്തിച്ചിരുന്നു.
ഇന്നലെ രാത്രി സന്തോഷ് രാധാകൃഷ്ണനെ കൊല്ലണം എന്ന ഉദ്ദേശത്തോടുകൂടി ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണിത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലേക്ക് തോക്കുമായി എത്തിയ സന്തോഷ് നിമിഷനേരം കൊണ്ടുതന്നെ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ ആദ്യ വെടിയേറ്റയുടൻ രാധാകൃഷ്ണൻ മരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Read Also: ഷിബില നേരിട്ടിരുന്നത് ക്രൂര പീഡനം, ലഹരിക്കടിമയായ യാസിർ നിരന്തരം മർദിച്ചിരുന്നു
വ്യക്തിവൈരാഗ്യവും പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യത്തിന് മുമ്പ് ഇയാൾ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കൊലപാതകം കരുതിക്കൂട്ടി ഉറപ്പിച്ചതാണെന്ന് തെളിയിക്കുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും സൗഹൃദത്തിലായിരുന്നു. അടുത്ത കാലത്ത് ഇരുവരും കൂടുതൽ അടുത്തു. ബന്ധത്തെ രാധാകൃഷ്ണൻ എതിർത്തതോടെ സന്തോഷിന്റെ മനസ്സിൽ വൈരാഗ്യം കൂടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം കൈതപ്രം തൃകുറ്റ്യേരി ശ്മശാനത്തിൽ സംസ്കരിച്ചു.
Story Highlights : Kaithapram murder; Gun used by accused found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here