ലോകകപ്പ് യോഗ്യത: ചാഡിനെ ഗോള്‍ മഴയില്‍ മുക്കി ഘാന, ഒരു ഷോട്ട് പോലും ഘാന പോസ്റ്റിലടിക്കാന്‍ കഴിയാതെ ചാഡ് താരങ്ങള്‍

2026 ലോകകപ്പ് യോഗ്യത റൗണ്ടില്‍ മധ്യ ആഫ്രിക്കന്‍ രാജ്യമായ ചാഡിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് ഘാനയുടെ തേരോട്ടം. തങ്ങളുടെ ഗോള്‍ മുഖത്തേക്ക് ചാഡ് താരങ്ങള്‍ക്ക് ഒരു അവസരം പോലും നല്‍കാതെ തുടക്കം മുതല്‍ തന്നെ ഘാന മത്സരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ആദ്യ വിസില്‍ മുതല്‍ തന്നെ ആക്രമണം അഴിച്ചുവിട്ടതിനുള്ള ഫലം രണ്ടാം മിനിറ്റില്‍ തന്നെ ഘാനക്ക് ലഭിച്ചു. അന്റോയിന്‍ സെമെന്‍യോ ആണ് ഗോള്‍ വേട്ട ആരംഭിച്ചത്. ബോക്‌സിനുള്ളില്‍ ഒരു എതിര്‍പ്പും കൂടാതെ താരം ആദ്യ ഗോള്‍ കണ്ടെത്തി. 1-0.
31-ാം മിനിറ്റിലായിരുന്നു രണ്ടാം ഗോള്‍. കിങ്‌സലെ ഷിദ്‌ലെറുടെ അസിസ്റ്റില്‍ അത് ലറ്റിക് ക്ലബ്ബ് സ്‌ട്രൈക്കര്‍ വില്യംസിന്റെ വകയായിരുന്നു ഗോള്‍. 2-0. അധിക വൈകാതെ 36-ാം മിനിറ്റില്‍ ലഭിച്ച സ്‌പോട്ട് കിക്ക് ഗോളാക്കി ജോര്‍ദാന്‍ അയ്യൂവ് ലീഡ് ഉയര്‍ത്തി. 3-0. തൊട്ടു പിന്നാലെ ഗോള്‍ ഇരട്ടിയാക്കാന്‍ താരത്തിന് ലഭിച്ച സുവര്‍ണ്ണാവസരം നഷ്ടമായി. മൂന്നു ഗോളുകള്‍ വീണതോടെ പ്രത്യാക്രമണങ്ങളിലൂടെ ചാഡ് മറുപടി നല്‍കാന്‍ ശ്രമിച്ചെങ്കിലും ഘാനയുടെ മധ്യനിരയും പ്രതിരോധവും വിട്ടില്ല. 56-ാം മിനിറ്റില്‍ നാലാം ഗോള്‍ ഘാന നേടി. ഏണസ്റ്റ് നുവാമയുടെ കോര്‍ണറിന് തലവെച്ച് മുഹമദ് സലിസുവാണ് ഇത്തവണ സ്‌കോര്‍ ചെയ്തത്. 4-0.
69-ാം മിനിറ്റില്‍ നുവാമ സ്‌കോററായി മാറി. അയ്യൂവിന്റെ സമര്‍ത്ഥമായ ബാക്ക്ഹീല്‍ അസിസ്റ്റിനെ തുടര്‍ന്നായിരുന്നു ഗോള്‍. മത്സരം കൈപ്പിടിയിലൊതുക്കിയതോടെ കോച്ച് ഓട്ടോ അഡോ കമല്‍ദീന്‍ പുതിയ താരങ്ങളെ അടക്കം കളത്തില്‍ പരീക്ഷിച്ചു. സുലെമാന, ഫ്രാന്‍സിസ് അബു, ജെറോം ഒപോകു, ജെറി അഫ്രി, അരങ്ങേറ്റക്കാരന്‍ ലോറന്‍സ് അഗ്യേകം എന്നിവരുള്‍പ്പെടെ പകരക്കാരായി എത്തി. അഫ്രിയ്ക്കും മുഹമ്മദ് കുഡൂസിനും ലഭിച്ച അവസരങ്ങള്‍ കൂടി ഗോളായിരുന്നുവെങ്കില്‍ സ്‌കോര്‍ അഞ്ചിലൊതുങ്ങുമായിരുന്നില്ല. 2020-ല്‍ ഖത്തറിനെതിരായ വിജയത്തിന് ശേഷം ഘാനയുടെ ആദ്യ അഞ്ച് ഗോള്‍ നേട്ടമാണിത്. 2015-ന് ശേഷമുള്ള ചാഡിന്റെ ഏറ്റവും വലിയ തോല്‍വിയുമാണിത്. തിങ്കളാഴ്ച മൊറോക്കോയില്‍ മഡഗാസ്‌കറിനെതിരായ നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായുള്ള ഈ വിജയം ഘാനയെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാക്കും. . 2025-ലെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ട ഘാനയുടെ ഈ പ്രകടനം ആത്മവിശ്വാസം തിരികെ പിടിക്കുന്നതിനൊപ്പം തന്നെ 2026 ലെ യുഎസ്എ, കാനഡ, മെക്‌സിക്കോ ലോകകപ്പിലേക്കുള്ള ഒരുക്കം കൂടിയാണ്.
Story Highlights: Ghana vs Chad in 2026 World Cup Qualifiers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here