‘മഹാത്മാഗാന്ധിയെ വധിച്ച കേസിലെ പ്രതി, ഇന്ത്യയെ വർഗീയമായി വിഭജിക്കാൻ ശ്രമിച്ചു’; സവർക്കർ രാജ്യദ്രോഹിയെന്ന് വി പി സാനു

സവർക്കർ രാജ്യത്തിന്റെ ശത്രുവല്ലെന്ന ഗവർണർ രാജേന്ദ്ര അർലേക്കറിന്റെ പ്രസംഗത്തിന് മറുപടിയുമായി എസ്എഫ്ഐ. സവർക്കർ ആരായിരുന്നു എന്നറിയാൻ ചരിത്രം പഠിക്കണമെന്ന് എസ്എഫ്ഐ ദേശീയ അധ്യക്ഷൻ വി പി സാനു പറഞ്ഞു. കാലിക്കറ്റ് സർവകലാശാലയിലെ ബാനർ മുൻ ഗവർണറുടെ സമയത്ത് സ്ഥാപിച്ചതെന്നും വി പി സാനു ട്വന്റിഫോറിനോട് പറഞ്ഞു.
മഹാത്മാഗാന്ധിയെ വധിച്ച കേസിലെ പ്രതിയായിരുന്നു സവർക്കർ എന്ന് അദ്ദേഹത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് മനസ്സിലായത്. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ നിലപാടെടുത്ത ആളുകളിൽ ഒരാൾ ആണ് സവർക്കർ. ഹിന്ദുത്വ ആശയം വഴി ഇന്ത്യയെ വർഗീയമായി വിഭജിപ്പിക്കാൻ മുൻക്കൈ എടുത്ത ആൾ ആണ് സവർക്കർ.നിരവധി തവണ മാപ്പെഴുതി നൽകി ബ്രിട്ടീഷുക്കാരുടെ കാലു പിടിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ആളാണ് സവർക്കർ എന്നതും അദ്ദേഹത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് മനസ്സിലായത്.
രാജ്യദ്രോഹിയായിരുന്നു സവർക്കർ. രാഷ്ട്രപിതാവിനെ തന്നെ കൊലപ്പെടുത്താൻ തകത്തായിട്ടുള്ള വിഷം അദ്ദേഹം ഉല്പാദിപ്പിച്ചിരുന്നു. ചരിത്രം മനസ്സിലാക്കുന്നവർക്ക് സത്യം തിരിച്ചറിയാൻ കഴിയും.
ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് വച്ചതാണ് ബാനർ.അദ്ദേഹം ആർഎസ്എസ് ആണെന്ന് തെളിയിക്കാൻ പരിശ്രമിച്ച ആളാണ്. ഇപ്പോഴത്തെ ഗവർണറുമായി പ്രത്യക്ഷമായ ഒരു പ്രശ്നത്തിലേക്കും കടന്നിട്ടില്ലെന്നും വി പി സാനു 24 നോട് പറഞ്ഞു.
വീർ സവർക്കർ രാജ്യശത്രുവല്ലെന്നും കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണെന്നുമായിരുന്നു ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞത്. കാലിക്കറ്റ് സർവകലാശാലയ്ക്കു മുൻപിൽ സ്ഥാപിച്ച എസ്എഫ്ഐ ബാനറിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ഗവര്‍ണർ ഇങ്ങനെ പ്രതികരിച്ചത്. എന്തു ചിന്തയാണ് ഇതിനു പിന്നിലെന്ന് അറിയില്ല. സവർക്കർ കുടുംബത്തെപ്പോലും മറന്നു രാജ്യത്തിനായി പ്രവർത്തിച്ച വ്യക്തിയാണ്. ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസ്സിലാകുമെന്നും ഗവർണർ പറഞ്ഞിരുന്നു.
Story Highlights : SFI responds to Governor Rajendra Arlekar’s speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here