ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ട് പ്രതികൾക്ക് ജീവപര്യന്തം, പതിനൊന്നാം പ്രതിക്ക് 3 വർഷം തടവും

കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ട് മുതൽ ഒമ്പത് വരെ പ്രതികൾക്കാണ് ജീവപര്യന്തം തടവുശിക്ഷ.തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതിക്ക് മൂന്ന് വർഷം കഠിന തടവും വിധിച്ചു.
കേസിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ പി.എം മനോരാജ്, ടി.പി കേസ് പ്രതി ടി.കെ രജീഷ് എന്നിവർ ഉൾപ്പടെ ഒമ്പത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഐഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്.
കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.
അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Story Highlights : Sooraj murder case, accused sentenced to life imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here